ഇന്നത്തെ യുവാക്കള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന പ്രശ്നമായ ഉറക്കകുറവിന് പിന്നിലെ വില്ലന്‍ ചായയും കാപ്പിയുമാണെന്ന് വിശ്വസിക്കുമോ? കാരണമുണ്ട്. കാപ്പി, ചായ, എനര്‍ജി ഡ്രിങ്കുകള്‍, ചോക്ലേറ്റ് തുടങ്ങിയവയില്‍ കാണപ്പെടുന്ന സ്വാഭാവിക ഘടകമാണ് കഫീന്‍. ഇത് തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ഉത്തേജിപ്പിച്ച് ക്ഷീണം കുറയ്ക്കുകയും ജാഗ്രത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
വൈകുന്നേരങ്ങളില്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നതിലൂടെ ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നു. കഫീന്‍ തലച്ചോറിലെ ഉറക്കം പ്രോത്സാഹിപ്പിക്കുന്ന അഡീനോസിന്‍ എന്ന രാസവസ്തുവിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നതാണ് കാരണം.
കഫീന്‍ ഹൃദയമിടിപ്പ് താല്‍ക്കാലികമായി ഉയര്‍ത്താം. ഇത് അസ്വസ്ഥത ഉണ്ടാക്കും. പ്രത്യേകിച്ച്, ഹൃദയസംബന്ധമായ അസുഖമുള്ളവരില്‍.
അമിതമായ കഫീന്‍ ശരീരത്തെ ഫൈറ്റ് ഓര് ഫ്ലൈറ്റ് എന്ന പ്രതികരണത്തിലേക്ക് എത്തിക്കും. ഇത് ഉത്കണ്ഠ, അസ്വസ്ഥത, കൈ വിറയല്‍, പെട്ടെന്ന് ദേഷ്യം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കും.
കഫീന്‍ അഡിക്ഷന് ഉണ്ടാക്കുന്നതാണ്. പതിവായി കുടിച്ചാല്‍ ഇത് അഡിക്ഷന് സ്വഭാവം ഉണ്ടാക്കുകയും തലവേദന പോലുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യാം.
ഗര്‍ഭിണികള്‍, ഹൈപ്പര്ടെന്ഷന് ഉള്ളവര്‍, ഉത്കണ്ഠ പ്രശ്നങ്ങള്‍ ഉള്ളവര്‍ കഫീന്‍ പരിമിതപ്പെടുത്തുന്നതാണ് നല്ലത്.




