തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനായി ദേശീയ-സംസ്ഥാന നേതാക്കൾ തലസ്ഥാനമായ തിരുവനന്തപുരം എത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ വിമാനത്താവളത്തിൽ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ, കെ സി വേണുഗോപാൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി കെ ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരും ചടങ്ങിൽ പങ്കെടുക്കാൻ തലസ്ഥാനത്തെത്തി.
രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. നഗരത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സത്യപ്രതിജ്ഞ ചടങ്ങ് കാണാൻ ആയിരക്കണക്കിന് ആളുകളാണ് തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയത്. വേദിയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. എംഎൽഎമാർക്കും പാർട്ടി നേതാക്കൾക്കുപോലും ഇരിപ്പിടം ലഭിക്കാത്ത സാഹചര്യമുണ്ടായി. വിവിഐപി നിരയിലും പ്രവർത്തകർ നിറഞ്ഞതോടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ശ്രമിച്ചു.
മുഖ്യമന്ത്രിയായി വി ഡി സതീശനൊപ്പം 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ് ഉൾപ്പെടെയുള്ളവരാണ് മന്ത്രിസഭയിൽ ഇടംപിടിച്ചിരിക്കുന്നത്.






