കോഴിക്കോട്: ശബരിമല ക്ഷേത്രത്തിനു മുകളിലൂടെ കഴിഞ്ഞ മാസം 23-ന് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ന്ന് പറന്ന സംഭവത്തിന് പിന്നിൽ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ ഭക്തിയാണെന്ന് കോസ്റ്റ് ഗാർഡിന്റെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ആകാശത്തുനിന്ന് അയ്യപ്പനെ തൊഴാൻ ശ്രമിച്ചാണ് ഹെലികോപ്റ്റർ താഴ്ത്തി പറത്തിയതെന്നാണ് കണ്ടെത്തൽ.
നെടുമ്പാശേരി വിമാനത്താവള പരിസരത്തെ കോസ്റ്റ് ഗാർഡ് എയർക്രാഫ്റ്റ് ഓപ്പറേറ്റിങ് യൂണിറ്റിലെ ഉദ്യോഗസ്ഥനാണ് സംഭവത്തിന് പിന്നിലെന്നും അന്വേഷണത്തിൽ വ്യക്തമായതായി പറയുന്നു. അതീവ സുരക്ഷാ മേഖലയായ ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നത് സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.
സംഭവത്തെ തുടർന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി ഉദ്യോഗസ്ഥനെ നെടുമ്പാശേരിയിലെ ചുമതലയിൽ നിന്ന് മാറ്റി കൊച്ചിയിലെ കോസ്റ്റ് ഗാർഡ് മേഖലാ ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്. ഹെലികോപ്റ്റർ പൈലറ്റും സഹപൈലറ്റും ക്യാമറ ക്രൂവും ഉൾപ്പെടെ മൂന്ന് പേർ വിമാനത്തിലുണ്ടായിരുന്നു.
ഇതിന് മുൻപും വിവാദ ഉദ്യോഗസ്ഥൻ ശബരിമല, ഗുരുവായൂർ എന്നിവിടങ്ങളിലേക്ക് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ഉപയോഗിച്ച് പറന്നിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ആദ്യം കാലാവസ്ഥാ പ്രശ്നം മൂലം വഴിതെറ്റിയതാണെന്നായിരുന്നു കോസ്റ്റ് ഗാർഡ് വിശദീകരണം നൽകിയിരുന്നത്.






