തിരുവനന്തപുരം: 2023ലെ നവകേരള യാത്രയ്ക്കിടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട ആക്രമണക്കേസിൽ പുനരന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചു. പ്രത്യേക അന്വേഷണ സംഘമായ എസ്‌ഐടിയാണ് കേസ് അന്വേഷിക്കുക. മുഖ്യമന്ത്രി വി ഡി സതീശൻ അധ്യക്ഷനായ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.
2023 ഡിസംബർ 15ന് നവകേരള സദസ്സിന്റെ ഭാഗമായി പിണറായി വിജയൻ ആലപ്പുഴയിലെത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചിരുന്നു. ഈ സമയത്ത് മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ ആക്രമിച്ചെന്നായിരുന്നു ആരോപണം. സംഭവത്തിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റതായി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ സംഭവത്തിന് തെളിവില്ലെന്നായിരുന്നു അന്നത്തെ ഭരണപക്ഷത്തിന്റെ നിലപാട്.
പിന്നീട് ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കിയതോടെ 2024 നവംബർ 8ന് ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതി കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ ഇതുവരെ അന്വേഷണം നടന്നിരുന്നില്ല. ഇത്തരം സാഹചര്യത്തിലാണ് പുതിയ സർക്കാർ എസ്‌ഐടി രൂപീകരിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ചത്. ഇത് രാഷ്ട്രീയ പ്രതികാരമായി കാണേണ്ടതില്ലെന്നും ആ സംഭവം മറക്കാനാകില്ലെന്നും വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.






