ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് ഏകദേശം 8,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ കൂടുതൽ ഉപയോഗപ്പെടുത്തി 2030 ഓടെ തൊഴിൽശേഷി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇതോടെ ബാങ്കിന്റെ മൊത്തം ജീവനക്കാരിൽ 15 ശതമാനത്തിലധികം പേർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് കണക്കാക്കുന്നത്.
ബാങ്കിന്റെ ബാക്ക് ഓഫീസ് പ്രവർത്തനങ്ങളിലെ 52,271 ജീവനക്കാരിൽ നിന്നായി ഏകദേശം 7,800-ലധികം ജോലികൾ ഇല്ലാതാകുമെന്നാണ് റിപ്പോർട്ട്. കോർപ്പറേറ്റ് സേവനങ്ങൾ, സപ്പോർട്ട് വിഭാഗങ്ങൾ, റിസ്‌ക് മാനേജ്മെന്റ്, റെഗുലേറ്ററി കംപ്ലയൻസ് തുടങ്ങിയ മേഖലകളെയാണ് വെട്ടിക്കുറയ്ക്കൽ പ്രധാനമായും ബാധിക്കുക.
പ്രവർത്തനക്ഷമത വർധിപ്പിക്കുക, ലാഭം ഉയർത്തുക, ചെലവ് കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് മാറ്റങ്ങൾ നടപ്പാക്കുന്നതെന്ന് ബാങ്ക് സിഇഒ ബിൽ വിന്റേഴ്‌സ് വ്യക്തമാക്കി. ഇത് വെറും ചെലവ് ചുരുക്കൽ നടപടിയല്ല, മറിച്ച് മനുഷ്യശേഷിക്ക് പകരം സാങ്കേതികവിദ്യയും നിക്ഷേപവും കേന്ദ്രമാക്കുന്ന പരിവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു.
ആഗോള ബാങ്കിംഗ് മേഖലയിലും സമാനമായ മാറ്റങ്ങൾ തുടരുകയാണ്. എച്ച്എസ്ബിസി ഉൾപ്പെടെയുള്ള ബാങ്കുകൾ തൊഴിൽ കുറയ്ക്കൽ പരിഗണിക്കുന്നുണ്ട്. ഗോൾഡ്മാൻ സാക്സ് പോലുള്ള സ്ഥാപനങ്ങൾ ഓട്ടോമേഷനിലേക്ക് കൂടുതൽ നീങ്ങുന്നു. സിസ്‌കോ, ബ്ലോക്ക് തുടങ്ങിയ കമ്പനികളും എഐയെ അടിസ്ഥാനമാക്കി തൊഴിൽ പുനസംഘടന നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്.






