തൃശൂർ: സംസ്ഥാന മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആവേശത്തിനിടയിലും സൗത്ത് കൊണ്ടാഴിയിലെ കെ.എ. തുളസിയുടെ വീട്ടിൽ അത്രയധികം ആഘോഷമൊന്നുമുണ്ടായിരുന്നില്ല. മകളുടെ സത്യപ്രതിജ്ഞ ഒറ്റയ്ക്ക് വീട്ടിലെ ടെലിവിഷനിൽ കാണുമ്പോൾ 75 വയസുകാരി അമ്മ അമ്മിണിയുടെ കണ്ണുകൾ നിറഞ്ഞു.
സത്യപ്രതിജ്ഞയ്ക്ക് പോകുന്നതിന് മുമ്പ് മരുമകൻ പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠനോടൊപ്പം കെ.എ. തുളസി വീട്ടിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങിയിരുന്നു. കൂടെ പോകാൻ ക്ഷണിച്ചിരുന്നെങ്കിലും ശാരീരിക അവശത കാരണം അമ്മിണി യാത്ര ഒഴിവാക്കുകയായിരുന്നു. തുളസിയുടെ അനുജത്തി പ്രസീദയും കുടുംബവും ചടങ്ങ് കാണാൻ തിരുവനന്തപുരത്തേക്ക് പോയിരുന്നു.
പഠനത്തിൽ മികവ് തെളിയിച്ചിരുന്ന തുളസിക്ക് ഐ.എ.എസ് ആകണമെന്നായിരുന്നു ആഗ്രഹം. തിരുവനന്തപുരം സഹോദരൻ കൃഷ്ണകുമാറിനോടൊപ്പം താമസിച്ചാണ് അവർ പഠനം നടത്തിയത്.
മകൾ മന്ത്രിയാകുന്നത് കാണാൻ തന്റെ സഹോദരിമാർ ഇന്ന് ജീവിച്ചിരിപ്പില്ലാത്തതാണ് ഏറ്റവും വലിയ സങ്കടമെന്ന് അമ്മിണി പറയുന്നു. മക്കളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അവർ വലിയ പിന്തുണ നൽകിയിരുന്നുവെന്നും, ജോലി കാരണം തനിക്ക് പലപ്പോഴും അവരോടൊപ്പം പോകാൻ കഴിഞ്ഞിരുന്നില്ലെന്നും അമ്മ ഓർമ്മിക്കുന്നു.
കോൺഗ്രസ് പ്രവർത്തകനായിരുന്ന പരേതനായ കെ.കെ. അയ്യപ്പനാണ് തുളസിയുടെ അച്ഛൻ. രാഷ്ട്രീയ ജീവിതത്തിലേക്ക് വഴിമാറിയത് നാട്ടിൽ നടന്ന ഒരു കോൺഗ്രസ് പാർട്ടി യോഗത്തിൽ പങ്കെടുത്തതോടെയായിരുന്നു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ. വേണുഗോപാലമേനോന്റെ നിർദേശപ്രകാരം പൊതുപ്രവർത്തന രംഗത്ത് സജീവമായ തുളസി, 2000-ൽ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചേലക്കര ഡിവിഷനിൽ നിന്ന് മത്സരിച്ച് വിജയിച്ചു. തുടർന്ന് 2001-ലും 2016-ലും നിയമസഭയിലേക്കും 2004-ൽ ലോക്സഭയിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
നെന്മാറ എൻ.എസ്.എസ്. കോളേജിൽ ചരിത്ര വിഭാഗം മേധാവിയായി പ്രവർത്തിക്കുമ്പോഴും രാഷ്ട്രീയ പ്രവർത്തനം തുടർന്നു. പിന്നീട് കെ.പി.സി.സി ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നതിനിടയിലാണ് 2026-ൽ കോങ്ങാട് മണ്ഡലത്തിൽ നിന്ന് വിജയിച്ച് മന്ത്രിസഭയിലെത്തുന്നത്.






