ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള ക്ഷേത്ര ട്രസ്റ്റുകളുടെയും മറ്റ് മതസ്ഥാപനങ്ങളുടെയും കൈവശമുള്ള സ്വര്‍ണ്ണം കേന്ദ്ര സര്‍ക്കാര്‍ പണമാക്കാന്‍ പദ്ധതിയിടുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്രം. ക്ഷേത്ര സ്വര്‍ണ്ണം പണമാക്കാനുള്ള യാതൊരു നിര്‍ദ്ദേശത്തിനും അനുമതി നല്‍കിയിട്ടില്ലെന്നും ഇത്തരം പ്രചാരണങ്ങള്‍ തികച്ചും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും മന്ത്രാലയം വ്യക്തമാക്കി. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വഴിയാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടത്.
ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വര്‍ണ്ണം സര്‍ക്കാര്‍ നടത്തുന്ന പണമാക്കല്‍ പദ്ധതിയുടെ കീഴില്‍ കൊണ്ടുവന്നേക്കാമെന്ന് സമൂഹമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ അടിയന്തര വിശദീകരണവുമായി രംഗത്തെത്തിയത്. ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണശേഖരത്തിന് പകരമായി ഗോള്‍ഡ് ബോണ്ടുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. ക്ഷേത്ര ഗോപുരങ്ങള്‍, വാതിലുകള്‍, മറ്റ് നിര്‍മ്മിതികള്‍ എന്നിവയിലെ സ്വര്‍ണ്ണപ്പാളികള്‍ രാജ്യത്തിന്റെ തന്ത്രപ്രധാനമായ സ്വര്‍ണ്ണ ശേഖരത്തിന്റെ ഭാഗമാക്കുമെന്ന പ്രചാരണങ്ങള്‍ കേന്ദ്ര മന്ത്രാലയം പൂര്‍ണ്ണമായും തള്ളി.




