റിയാദ്: സൗദി അറേബ്യയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കാര്യത്തിൽ ഇന്ന് നിർണായക തീരുമാനം ഉണ്ടാകാനിടയുണ്ട്. ജയിൽ മോചന ഉത്തരവിൽ ഇന്ന് ഒപ്പിടുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യൻ സമയം ഉച്ചക്ക് 12 മണിയോടെയാണ് ജയിൽ ഓഫീസ് പ്രവർത്തനം ആരംഭിക്കുക. അതിനാൽ ഇന്ന് തന്നെ മോചന ഉത്തരവ് പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമിന്റെ കുടുംബവും നിയമ സഹായ സമിതിയും.
ഇന്നലെ വൈകീട്ടോടെയാണ് അബ്ദുറഹീമിന്റെ 20 വർഷത്തെ ജയിൽവാസം പൂർത്തിയായത്. വലിയ പെരുന്നാൾ അവധിയുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങൾ ഇല്ലെങ്കിൽ ഇന്ന് തന്നെ അദ്ദേഹത്തെ നാട്ടിലെത്തിക്കാനാകുമെന്നാണ് ആക്ഷൻ കൗൺസിലിന്റെ പ്രതീക്ഷ. ജയിൽ മോചിതനായാൽ എംബസിയുടെ സഹായത്തോടെ വേഗത്തിൽ നാട്ടിലെത്തിക്കാനാണ് ശ്രമം.
2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസ് മരിച്ച കേസിൽ അബ്ദുറഹീം അറസ്റ്റിലാകുന്നത്. തുടർന്ന് 2012-ൽ അദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് 34 കോടിയിലേറെ രൂപ ദിയാധനമായി നൽകിയതിനെ തുടർന്ന് വധശിക്ഷ റദ്ദാക്കുകയായിരുന്നു.






