കൊച്ചി: അവധി ആഘോഷത്തിനായി ലക്ഷദ്വീപിലെ ബംഗാരം ദ്വീപിലെത്തിയ ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ കടലിൽ മുങ്ങിമരിച്ചു. തിരുവനന്തപുരം പുത്തൻചന്ത ഉണ്ണീസ് ലെയ്ന്‍ ശ്രീവിജയത്തിൽ ടി.സി. രാജന്റെ മകൻ ആർ. ശ്രീരാജ് (41) ആണ് മരിച്ചത്.
ലക്ഷദ്വീപിൽ വിങ് കമാൻഡർ ഇൻചാർജായി സേവനമനുഷ്ഠിച്ചിരുന്ന ശ്രീരാജ് ഭാര്യ മോനിഷ മോഹനും മകൻ അനിരുദ്ധ് എസ്. രാജിനുമൊപ്പമാണ് ബംഗാരം ദ്വീപിലെ താജ് റിസോർട്ടിലെത്തിയത്. തിങ്കളാഴ്ച വൈകിട്ട് 4.30നും 5.30നും ഇടയിലായിരുന്നു അപകടം.
നീന്തുന്നതിനിടെ ശ്രീരാജ് കടലിലെ ആഴമേറിയ ഭാഗത്തേക്ക് നീങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ബംഗാരം ദ്വീപിന്റെ തീരപ്രദേശങ്ങളിൽ ചില ഭാഗങ്ങളിൽ പെട്ടെന്ന് ആഴം കൂടുന്ന സാഹചര്യമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
അപകടസമയത്ത് ബംഗാരം പൊലീസും രക്ഷാപ്രവർത്തക സംഘവും സ്ഥലത്തുണ്ടായിരുന്നു. ഉടൻ രക്ഷാപ്രവർത്തനം നടത്തി ശ്രീരാജിനെ ബോട്ടിൽ അഗത്തി രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വ്യോമസേനയുടെ ഡോണിയർ വിമാനത്തിൽ ലക്ഷദ്വീപിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നു. സംഭവത്തിൽ അഗത്തി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.






