കോഴിക്കോട്: മണിയൂരിൽ വീട് കേന്ദ്രീകരിച്ച് മാരക മയക്കുമരുന്നായ എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന യുവാവിനെ വടകര ഡാൻസാഫ് സ്ക്വാഡും പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. മണിയൂർ തുറശ്ശേരിക്കടവ് പാലയാട് തെക്കേ നെല്ലിക്കുന്നുമ്മൽ മുഹമ്മദ് ഇർഫാൻ (26) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 13.56 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.
നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള ജില്ലാ ഡാൻസാഫ് സ്ക്വാഡ് കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ മുഹമ്മദ് ഇർഫാന്റെ വീട്ടിൽ മിന്നൽ പരിശോധന നടത്തി. പരിശോധനയ്ക്കിടെ പ്രതിയുടെ പേഴ്സിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
മുഹമ്മദ് ഇർഫാൻ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ലഹരിമരുന്ന് കടത്തിയതിന് മൂന്ന് തവണ ഇയാൾ അറസ്റ്റിലായിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ ശേഷവും വീട് കേന്ദ്രീകരിച്ച് സമാന രീതിയിൽ ലഹരി വിൽപ്പന തുടരുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ടി. ഫറാഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡാൻസാഫ് എസ്‌ഐമാരായ വിനീത് വിജയൻ, രാമത്ത് മനോജ്‌കുമാർ, എഎസ്‌ഐമാരായ വി.വി. ഷാജി, സുനിൽകുമാർ, സിപിഒമാരായ ടി.കെ. ശോഭിത്ത്, അഗിലേഷ്, അനൂപ് സെൻ, അനുഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.






