ന്യൂഡൽഹി: ഡൽഹിയിലെ രോഹിണി മേഖലയിൽ പൂർവവൈരാഗ്യത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികൾ കൊല്ലപ്പെട്ടു. രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇരുവർക്കും കുത്തേറ്റത്. മറ്റൊരാൾക്ക് പരിക്കേറ്റു. മുൻപ് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.
ഈ വർഷം ആദ്യം നടന്ന ഒരു കൊലപാതകക്കേസിലെ പ്രതികൾക്ക് അഭയം നൽകിയതായി സംശയിക്കുന്ന ഒരു ബാലനെ അന്വേഷിച്ചാണ് സുൽത്താൻപുരി മേഖലയിൽ നിന്ന് മൂന്ന് പേർ എത്തിയത്. ഇവരും പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് വ്യക്തമാക്കി. ആയുധങ്ങളുമായെത്തിയ ഇവർക്ക് ലക്ഷ്യമിട്ട ബാലനെ കണ്ടെത്താനായില്ല. തുടർന്ന് പ്രദേശത്തെ ഒരു കുടുംബവുമായി വാക്കുതർക്കമുണ്ടാകുകയും സ്ത്രീയെയും മകനെയും ആക്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച മൂവരെയും പ്രദേശവാസികളും പരിക്കേറ്റ സ്ത്രീയുടെ മകനും ചേർന്ന് പിന്തുടർന്നു. ഈ സമയത്ത് ഒരാളുടെ കൈയിൽ നിന്ന് കത്തി താഴെ വീണു. പിന്നാലെ എതിർ സംഘത്തിലെ 14കാരൻ കത്തി എടുത്ത് രണ്ട് പേരെ ആക്രമിക്കുകയായിരുന്നു. ഒരാളുടെ കഴുത്തിലും മറ്റെയാളുടെ വയറ്റിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നാമത്തെ കുട്ടി ചികിത്സയിലാണ്.
സംഭവസ്ഥലത്ത് ഫോറൻസിക് സംഘവും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. ആക്രമണത്തിൽ ഉപയോഗിച്ച കത്തി ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചു. ഒരു പ്രായപൂർത്തിയാകാത്ത കുട്ടിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇരുവിഭാഗങ്ങളുടെയും പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.






