തിരുവനന്തപുരം: ബിജെപിയെ സംബന്ധിച്ച് നേട്ടങ്ങളുടെ തിരഞ്ഞെടുപ്പ് കാലം തന്നെയാണ് കടന്നുപോയിരിക്കുന്നത്. ചെറിയ തിരിച്ചടികള്‍ മാറ്റിവെച്ചാല്‍ ഭാവിയിലേക്ക് വേരുറപ്പിക്കാനുള്ള വെടിമരുന്നുകളെല്ലാം അവര്‍ മലയാള മണ്ണില്‍ പാകിക്കഴിഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ മൂന്ന് സീറ്റുകള്‍ നേടി ചരിത്രത്തിലാദ്യമായി കേരള നിയമസഭയില്‍ ശക്തമായ സാന്നിധ്യമുറപ്പിച്ച ഭാരതീയ ജനതാ പാര്‍ട്ടി, വെള്ളിയാഴ്ച നടക്കുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ബി.ബി. ഗോപകുമാര്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കിയതോടെ വേദിയൊരുങ്ങുന്നത് പുതിയൊരു പോരിന് കൂടിയാണ്.
കേരള നിയമസഭയുടെ ചരിത്രത്തില്‍ ഇന്നേവരെ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഒരു ബിജെപി സ്ഥാനാര്‍ത്ഥി മത്സരിച്ചിട്ടില്ല. ഇത്തവണ അവര്‍ക്കതിനുള്ള ആത്മവിശ്വാസം കൈവന്നിരിക്കുകയാണ്. സ്പീക്കര്‍ പദവിയിലേക്കുള്ള ഗോപകുമാറിന്റെ പേര് രാജീവ് ചന്ദ്രശേഖറും വി മുരളീധരനും ചേര്‍ന്നാണ് ഔദ്യോഗികമായി സഭയില്‍ നിര്‍ദ്ദേശിക്കുക. നിലവില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് തങ്ങളുടെ മുതിര്‍ന്ന നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷത്തുള്ള ഇടതുമുന്നണി ഇതുവരെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്നതും ശ്രദ്ധേയം.
അതിനൊപ്പം ചില മുന്നറിയിപ്പുകളും ബിജെപി നല്‍കുന്നുണ്ട്. ആരാണ് ശരിക്കുമുള്ള പ്രതിപക്ഷമെന്ന് സഭ തുടങ്ങുമ്പോള്‍ കാണാമെന്ന് പറയുകയാണ് ബിജെപി നേതാവ് വി മുരളീധരന്‍. കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ നിന്നാണ് അവസാന ലാപ്പില്‍ വിജയം രുചിച്ച് നിയമസഭയിലേക്കെത്തുന്നത്. മൂന്ന് അംഗങ്ങള്‍ മാത്രമാണുള്ളതെങ്കിലും സാധാരണ കീഴ്വവഴക്കങ്ങള്‍ക്ക് അപ്പുറത്തേക്ക് സഞ്ചരിക്കാന്‍ തീരുമാനിക്കുകയായിരുന്നു ബിജെപി. ഇത്രയും കുറവ് അംഗങ്ങള്‍ ഉള്ള കക്ഷികള്‍ പൊതുവെ മാറിനില്‍ക്കുന്ന പതിവാണ് ബിജെപി മാറ്റിക്കുറിക്കുന്നത്.
‘ഞങ്ങള്‍ യഥാര്‍ഥ പ്രതിപക്ഷമാകും, ബാക്കിയുള്ളവര്‍ കപട പ്രതിപക്ഷമാണെന്നൊക്കെ സഭാ നടപടികള്‍ തുടങ്ങി കഴിയുമ്പോള്‍ എന്താണ് വരുന്നത് എന്ന് കാണാം. ഇത്രയും നാളും ഇവര്‍ രണ്ടുപേരും അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് സഹകരിക്കുകയായിരുന്നു. ഇനി ഏതായാലും നടക്കില്ല. ഞങ്ങള്‍ ഭാരതീയ ജനതാ പാര്‍ട്ടി നാടിന്റെ താത്പര്യം ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കും. കേരളത്തിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കും’- വി മുരളീധരന്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കുന്നുണ്ട് രണ്ട് മുന്നണികള്‍ക്കും.






