ബ്രസീൽ ഫുട്‌ബോൾ ലോകകപ്പിൽ നെയ്മറിനെ വീണ്ടും ടീമിൽ ഉൾപ്പെടുത്തി കോച്ച് കാർലോ ആഞ്ചലോട്ടി. പ്രഖ്യാപന സമയത്ത് ആരാധകർ വലിയ ആവേശത്തോടെയാണ് വരവേറ്റത്. എന്നാൽ ഇപ്പോൾ ഏറ്റവും ആശങ്കയാക്കിയ വാർത്തയാണ് നെയ്മറിന് വീണ്ടും പരിക്കേറ്റിരിക്കുന്നത്. കാലിലെ കണങ്കാൽ പേശിക്കാണ് പരിക്ക്.
സാന്റോസ് ക്ലബ്ബിന്റെ വിശദീകരണം പ്രകാരം, പരിക്ക് ഭേദമായി വരുന്നതനുസരിച് താരം അടുത്തയാഴ്ച ടീമിനൊപ്പം ചേരാൻ സാദ്ധ്യതയുണ്ട്. നെയ്മറിന്റെ കരിയറിൽ ഇതുവരെ 46 പരിക്കുകൾ നേരിട്ടുവെന്നും, ഈ സാഹചര്യത്തിൽ 1576 ദിവസങ്ങൾ മത്സരങ്ങളിൽ നിന്ന് വിട്ടുമാറേണ്ടി വന്നതായും റിപ്പോർട്ട് ചെയ്തു. പരിക്ക് മൂലം ബ്രസീൽ, ബാഴ്സലോണ, പിഎസ്ജി, അൽ ഹിലാൽ, സാന്റോസ് ക്ലബ്ബുകളുടെ 277 മത്സരങ്ങൾ താരം നഷ്ടമായി.
കോച്ച് ആഞ്ചലോട്ടി നെയ്മറിന്റെ അനുഭവസമ്പത്തിലും കളിമിടുക്കത്തിലും വിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ്. 79 ഗോളുകളുമായി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി നെയ്മർ മാറിയിട്ടുണ്ട്. 2014, 2018, 2022 ലോകകപ്പുകളിൽ കളിച്ച നെയ്മർ ആദ്യ ലോകകപ്പിൽ നാലുഗോളും നേടി ശ്രദ്ധേയനായിരുന്നു.
ബ്രസീലിന്റെ 26 അംഗ ലോകകപ്പ് സ്‌ക്വാഡിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നെയ്മറിനൊപ്പം, ആരാധകർ ഇപ്പോൾ താരത്തിന്റെ ഫിറ്റ്‌നസ് നിലപാടിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.






