കൊല്ലം: റോഡ് മുറിച്ചു കടക്കുന്നതിനിടെ രണ്ട് കാൽനടയാത്രക്കാരായ സ്ത്രീകളെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ പൊലീസ് പിന്തുടർന്ന് പിടികൂടി. കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശിയും വിമുക്തഭടനുമായ സുരേന്ദ്രൻ ആണ് ശാസ്താംകോട്ട പൊലീസിന്റെ കസ്റ്റഡിയിൽ എടുത്തത്. അപകടത്തിൽ തേവലക്കര സ്വദേശി സുനിത (54), ശൂരനാട് സ്വദേശി അമ്പിളി (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ശാസ്താംകോട്ട കെഎസ്എഫ്ഇ ശാഖയിലെ ജീവനക്കാരികളാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെ ശാസ്താംകോട്ട ജംക്ഷനിൽ വെച്ചാണ് അപകടം നടന്നത്. ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയതായി പൊലീസ് അറിയിച്ചു. അപകടം കണ്ട് സമീപത്തുണ്ടായിരുന്ന പൊലീസ് സംഘം ഉടൻ വാഹനം പിന്തുടർന്ന് പിടികൂടുകയായിരുന്നു. പരിക്കേറ്റവരെ ഉടൻതന്നെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ സുനിതയെ പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സുരേന്ദ്രനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായി പൊലീസ് അറിയിച്ചു.






