എല്ലാ കൊല്ലവും അധ്യയന വർഷം തുടങ്ങുന്നതിന് മുമ്പ് നമ്മൾ സ്ഥിരമായി കേട്ടിരുന്ന ആ പരാതി വീണ്ടും ഉയർന്നിരിക്കുകയാണ്. മലബാറിൽ ഇത്തവണയും പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷം. പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക നടപടികൾ നാളെ തുടങ്ങാനിരിക്കെ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാവാതെ കുഴങ്ങുകയാണ് ഭരണകർത്താക്കൾ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലബാറിലെ ആറ് ജില്ലകളിലും പ്ലസ് വൺ സീറ്റുകളുടെ ഗണ്യമായ കുറവുണ്ട്. ദിവസങ്ങൾക്ക് മുമ്പ് അധികാരമേറ്റ വിഡി സതീശൻ സർക്കാരിന്റെ മുന്നിലെ ആദ്യത്തെ ഏറ്റവും വലിയ വെല്ലുവിളിയും ഇതിനൊരു പരിഹാരം കാണുക എന്നത് തന്നെയാകും.
പ്രതിപക്ഷത്തായിരുന്നപ്പോൾ കഴിഞ്ഞ 10 വർഷവും മുസ്ലീം ലീഗും എംഎസ്എഫും യൂത്ത് കോൺഗ്രസുമടക്കമുള്ള സംഘടനകളെല്ലാം ഇടത് സർക്കാരിനെതിരെ ഏറ്റവുമധികം വാളെടുത്ത വിഷയങ്ങളിലൊന്നാണ് മലബാറിലെ ഈ സീറ്റ് പ്രതിസന്ധി. പ്രത്യേകിച്ച് വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന മുസ്ലീം ലീഗിനെ സംബന്ധിച്ച് ഒരു ഇരുതല വാളാണ് ഇപ്പോൾ കയ്യിലെടുത്ത് വെച്ചിരിക്കുന്നത്. ലീഗ് സംഘടനകളായിരുന്നു അന്നത്തെ പ്രതിഷേധങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്നത് എന്നതിനാൽ വകുപ്പ് തങ്ങളുടെ കയ്യിൽ കിട്ടി ദിവസങ്ങൾക്കുള്ളിൽ പരിഹാരം കാണേണ്ട സ്ഥിതിയിലാണ് ഇപ്പോൾ കാര്യങ്ങൾ.
മുൻ വർഷങ്ങളിലേത് പോലെ മലപ്പുറത്ത് തന്നെയാണ് സീറ്റ് പ്രതിസന്ധി ഏറ്റവും രൂക്ഷം. ഇവിടെ നിലവിൽ 26,137 സീറ്റുകളുടെ കുറവാണ് ഉള്ളത്. പാലക്കാട് 9,324 സീറ്റിൻറ കുറവുമുണ്ട്. മറ്റ് ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. ആറ് ജില്ലകളിലായി 53,164 സീറ്റിൻറെ കുറവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ സർക്കാർ വിദ്യാഭ്യാസ മേഖലയിൽ നേരിടുന്ന ആദ്യ വെല്ലുവിളിയാവും മലബാറിലെ പ്ലസ് വൺ സീറ്റു പ്രതിസന്ധിയെന്ന് വ്യക്തം. പലപ്പോഴും താൽക്കാലിക സംവിധാനങ്ങൾ ഏപ്പെടുത്തിയാണ് പ്രതിസന്ധി നേരിടുന്നത്. എന്നിട്ടും സീറ്റ് ലഭിക്കാത്തതിനാൽ കഴിഞ്ഞ തവണ വിദ്യാർത്ഥികൾക്ക് ഓപ്പൺ സ്കൂൾ, അൺ എയ്ഡഡ് പോലുള്ള സംവിധാനങ്ങൾ തെരെഞ്ഞെടുക്കേണ്ടി വന്നുവെന്ന് ഓർക്കണം. മേഖലയിൽ വിദ്യാർത്ഥികളുടെ എണ്ണം കൂടുതലാണ് എന്നതിനൊപ്പം ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നവരുടെ എണ്ണവും ഉയരുന്നതോടെ താൽക്കാലിക സംവിധാനങ്ങൾ കൊണ്ട് പരിഹരിക്കാവുന്ന നിലയിൽ നിന്ന് കാര്യങ്ങൾ കൈവിട്ട് പോയിട്ട് കാലങ്ങളായി.





