ഇന്ത്യയിലെ ഫുട്ബോൾ ആരാധകരുടെ പ്രധാന ആശങ്കയായ ലോകകപ്പ് തത്സമയ സംപ്രേഷണ വിഷയത്തിൽ നിർണായക മുന്നേറ്റം. അമേരിക്കയിൽ നടക്കുന്ന ഫിഫ വേൾഡ് കപ്പ് ഇന്ത്യയിൽ തത്സമയം കാണാനാകുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്.
സംപ്രേഷണാവകാശ തുകയെച്ചൊല്ലിയ തർക്കത്തെ തുടർന്ന് ഇന്ത്യയിലെ പ്രമുഖ ചാനലുകൾ മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് പിന്മാറിയിരുന്നു. ഇതോടെ ലോകകപ്പ് ഇന്ത്യയിൽ തത്സമയം കാണാൻ കഴിയില്ലെന്ന ആശങ്ക ശക്തമായി.
എന്നാൽ ചര്‍ച്ചകൾ അവസാന ഘട്ടത്തിലെത്തിയതായി ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറൽ സെക്രട്ടറി ഷാജി പ്രഭാകരന്‍ അറിയിച്ചു. അടുത്ത ആഴ്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും, ആരാധകർക്ക് ലോകകപ്പ് കാണാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
500 കോടി രൂപയാണ് സംപ്രേഷണാവകാശത്തിനായി ഫിഫ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഈ തുക വഹിക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു വിവിധ മാധ്യമ സ്ഥാപനങ്ങൾ. ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണം ചെയ്യുമെന്ന വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അത് തള്ളിക്കളഞ്ഞു.
ഇതിനിടെ, ഇന്ത്യയിലെ വലിയ മാധ്യമ ശൃംഖലകളുമായി ഫിഫ നടത്തിയ ചർച്ചകൾ വീണ്ടും സജീവമായതായാണ് സൂചന. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കം ഇന്ത്യൻ ആരാധകർക്ക് നഷ്ടമാകില്ലെന്ന പ്രതീക്ഷയിലാണ് കായികലോകം.






