ഇടുക്കി: വൃദ്ധസദനം ആരംഭിച്ച് അന്തേവാസികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം വിദേശത്തേക്ക് കടന്ന കേസിൽ പ്രതി പിടിയിൽ. തൊടുപുഴ കാളിയാർ മേടക്കൽ വീട്ടിൽ ജീവൻ തോമസ് (40) നെയാണ് തൊടുപുഴ പൊലീസ് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ആജീവനാന്ത സംരക്ഷണവും മികച്ച പരിചരണവും ഉറപ്പുനൽകി വയോധികരെയും ഭിന്നശേഷിക്കാരെയും വൃദ്ധസദനത്തിൽ പ്രവേശിപ്പിച്ച ശേഷം വലിയ തുക വാങ്ങിയാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. നിലവിൽ മൂന്ന് പരാതികളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്ത് ‘എൽഡർ ഗാർഡൻ ഓൾഡ് ഏജ് ഹോം’ എന്ന പേരിൽ സ്ഥാപനം ആരംഭിച്ച ജീവൻ തോമസ്, എല്ലാ നിയമാനുസൃത രേഖകളും അംഗീകാരങ്ങളും ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് ആളുകളെ ചേർത്തത്. അഞ്ച് ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയാണ് അന്തേവാസികളിൽ നിന്ന് ഈടാക്കിയത്. തുടക്കത്തിൽ കാര്യങ്ങൾ സാധാരണ നിലയിലായിരുന്നെങ്കിലും, 2025ന്റെ തുടക്കത്തിൽ ഇയാൾ അയർലൻഡിലേക്ക് കടന്നതായി പൊലീസ് പറയുന്നു.
ഇതിന് പിന്നാലെ സ്ഥാപനത്തിലെ വയോധികരും ഭിന്നശേഷിക്കാരും ദുരിതത്തിലായി. മതിയായ ഭക്ഷണം, ചികിത്സ, സാന്ത്വനപരിചരണം എന്നിവ ലഭിക്കാതിരുന്നതായി പരാതിയുണ്ട്. തുടർന്ന് നഗരസഭയും പൊലീസും ഇടപെട്ട് അന്വേഷണം നടത്തിയപ്പോഴാണ് സ്ഥാപനത്തിന് ആവശ്യമായ രജിസ്ട്രേഷനുകൾ പോലും പൂർണമായിരുന്നില്ലെന്ന് കണ്ടെത്തിയത്.
വിശ്വാസവഞ്ചന, ചതി, സ്വത്ത് തട്ടിയെടുക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ശനിയാഴ്ച അയർലൻഡിൽ നിന്ന് കുടുംബസമേതം ബെംഗളൂരു വിമാനത്താവളത്തിലെത്തിയ ജീവൻ തോമസിനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് തൊടുപുഴ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ബെംഗളൂരുവിലെത്തിയ പൊലീസ് സംഘം അറസ്റ്റ് രേഖപ്പെടുത്തി.
ഇതിനിടെ സമാനരീതിയിൽ പാലക്കാട്ടും ‘സൗപർണിക ഓൾഡ് ഏജ് ഹോം’ എന്ന പേരിൽ അനധികൃത വൃദ്ധസദനം നടത്തിയിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. ലൈസൻസും മറ്റ് രേഖകളും ഇല്ലാത്തതിനാൽ പാലക്കാട്ടെ സ്ഥാപനം പിന്നീട് പൂട്ടുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന ഒരാളെയും പിന്നീട് തൊടുപുഴയിലെ വൃദ്ധസദനത്തിലേക്ക് മാറ്റിയിരുന്നു. ഇയാളും പരാതിക്കാരിൽ ഉൾപ്പെട്ടിട്ടുണ്ട്.






