തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് – കെ എസ് യു പ്രവർത്തകരെ പിണറായി വിജയന്റെ ഗൺമാൻ അടക്കമുള്ളവർ തല്ലിച്ചതച്ച സംഭവത്തിൽ, കേസ് ഡയറി തിരുത്താൻ എഡിജിപി എംആർ അജിത് കുമാറിന്റെ ഇടപെടൽ ഉണ്ടായെന്ന് പ്രത്യേക അന്വേഷണ സംഘം ( എസ്‌ഐടി) സ്ഥിരീകരിച്ചു. എഡിജിപിയുടെ ഓഫീസിലെ രണ്ട് ഗ്രേഡ് എസ്‌ഐമാരുടെ ഇടപെടലും കണ്ടെത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നൽകാനുള്ള റഫർ റിപ്പോർട്ട് എഡിജിപിയുടെ ഓഫീസിൽ നിന്നും തയ്യാറാക്കി അന്വേഷണ ഉദ്യോഗസ്ഥന് നൽകുകയായിരുന്നു എന്ന വിവരവും എസ്‌ഐടിക്ക് ലഭിച്ചു. പൊലീസുകാരുടെ രക്ഷാപ്രവർത്തന ക്കേസ് അന്വേഷിച്ച ആലപ്പുഴ ഡിവൈഎസ്പിയിൽ നിന്നും ഇതു സംബന്ധിച്ച നിർണായക വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ രക്ഷാപ്രവർത്തനം എന്നു പറഞ്ഞ് ന്യായീകരിച്ച പൊലീസ് നടപടിയിലാണ് യുഡിഎഫ് സർക്കാർ പുനരന്വേഷണം പ്രഖ്യാപിച്ചത്.






