കൊച്ചി: തായ്‌ലൻഡിൽ നിന്ന് സോപ്പെന്ന വ്യാജേന കടത്തിക്കൊണ്ടുവന്ന 3.5 കിലോ മെത്താക്വാലോൺ കൊച്ചി വിമാനത്താവളത്തിൽ പിടികൂടി. സംഭവത്തിൽ ആന്ധ്രാപ്രദേശ് സ്വദേശികളായ സത്യനാരായണ റൊക്കല്ല (36), അരുൺകുമാർ പണ്ടാരി (55) എന്നിവരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പരിശോധനയ്ക്കിടെ ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച പുലർച്ചെ തായ് ലയൺ എയർ വിമാനത്തിൽ ബാങ്കോക്കിൽ നിന്ന് കൊച്ചിയിലെത്തിയ ഇരുവരെയും രഹസ്യവിവരത്തെ തുടർന്ന് ഡിആർഐ സംഘം നിരീക്ഷിച്ചിരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബാഗേജ് പരിശോധിക്കുന്നതിനിടെയാണ് സോപ്പ് കവറുകളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്.
സോപ്പിന്റെ രൂപത്തിൽ തയ്യാറാക്കി പേപ്പറിൽ പൊതിഞ്ഞ് വിവിധ പാക്കറ്റുകളിലായാണ് മെത്താക്വാലോൺ ഒളിപ്പിച്ചിരുന്നത്. പരിശോധനയ്ക്കിടെ സത്യനാരായണ റൊക്കല്ല സമീപത്തുണ്ടായിരുന്ന കത്രിക കൈക്കലാക്കി ശരീരത്തിൽ കുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വയറിനാണ് പരിക്കേറ്റത്. അദ്ദേഹത്തെ ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
മെത്താക്വാലോൺ അമിത ഉപയോഗം മരണത്തിന് വരെ കാരണമാകാവുന്ന ലഹരി വസ്തുവാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ത്യയിൽ കിലോയ്ക്ക് ഏകദേശം അഞ്ച് ലക്ഷം രൂപ വരെ വില ലഭിക്കുന്നതായി സൂചനയുണ്ട്. പ്രതികളെ അങ്കമാലി കോടതിയിൽ ഹാജരാക്കി പിന്നീട് ആലുവ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.






