കൊല്ലം: വയോധികയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല മോഷ്ടിച്ച കേസിൽ രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ. തിരുനെൽവേലി തൂത്തുക്കുടി അണ്ണാനഗർ സ്വദേശികളായ കല്യാണി (45), പാർവ്വതി (26) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. വാളകം അണ്ടൂർ സ്വദേശിനിയായ വയോധിക മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുന്നതിനിടെ ഇവർ മോഷണത്തിന് ശ്രമിക്കുകയായിരുന്നു. വീട്ടിലേക്ക് പോകാനായി വിളിച്ച ഓട്ടോറിക്ഷയിൽ ആദ്യം കല്യാണി കയറി. പിന്നാലെ പാർവ്വതി വയോധികയെയും അതേ ഓട്ടോറിക്ഷയിൽ കയറ്റി.
യാത്രയ്ക്കിടെ ഇരുവരും ചേർന്ന് വയോധികയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടര പവൻ തൂക്കമുള്ള സ്വർണമാല കവരാൻ ശ്രമിച്ചു. സംശയം തോന്നിയ വയോധിക ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ജിജുകുമാർ പി.ഡി.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ സമാനമായ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






