ആലപ്പുഴ: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട് കേസില്‍ പിണറായി വിജയന്റെ വസതിയില്‍ നടന്ന ഇ ഡി റെയ്ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി സജി ചെറിയാന്‍. കോണ്‍ഗ്രസിനെ ബിജെപി തൊഴുത്തില്‍ കെട്ടുന്നതിന്റെ തുടക്കമാണ് ഈ റെയ്ഡെന്നും ഇത് കോണ്‍ഗ്രസ്-ബിജെപി ഡീലിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
തങ്ങള്‍ വലിയ രാഷ്ട്രീയ പരാജയം നേരിട്ട സമയമാണിതെന്നും അധികാരത്തിന് പുറത്തായ ശേഷം ക്രിയാത്മക പ്രതിപക്ഷമായി മുന്നോട്ട് പോകാനായിരുന്നു ആഗ്രഹമെന്നും സജി ചെറിയാന്‍ പറഞ്ഞു. എന്നാല്‍ തെരുവിലിറങ്ങേണ്ട സാഹചര്യം സൃഷ്ടിച്ചത് എതിരാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“പുലര്‍ച്ചെ അഞ്ചരയ്ക്ക് 82 വയസുള്ള പിണറായി വിജയന്റെ വീട്ടില്‍ ഇ ഡി എത്തുന്നു. അദ്ദേഹത്തിന് ഈ കേസില്‍ എന്താണ് ബന്ധം? കോണ്‍ഗ്രസിനെ ബിജെപി തൊഴുത്തില്‍ കെട്ടുകയാണ്. അതിന്റെ തുടക്കമാണ് ഈ റെയ്ഡ്,” എന്നാണ് സജി ചെറിയാന്‍റെ ആരോപണം. പിണറായി വിജയനെ മണിക്കൂറുകളോളം ചോദ്യം ചെയ്തതും മാധ്യമ വേട്ടയ്ക്ക് ഇരയാക്കിയതുമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇതിനിടെ റെയ്ഡിന് പിന്നാലെ പിണറായി വിജയനും പ്രതികരിച്ചു. “ഇതുകൊണ്ടൊന്നും ഞങ്ങളെ തളര്‍ത്താനാകില്ലല്ലെന്ന് പറഞ്ഞ അദ്ദേഹം, വീട്ടില്‍ പരിശോധന നടത്തണമെന്നത് ഇ ഡിയുടെ പഴയ ആഗ്രഹമാണെന്നും ആരോപിച്ചു. ഈ നടപടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സംതൃപ്തി നല്‍കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇ ഡി മറ്റ് പാര്‍ട്ടികള്‍ക്കെതിരെ കടന്നുകയറുമ്പോള്‍ കോണ്‍ഗ്രസ് അതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ എട്ട് മണിക്കൂറിലേറെ നീണ്ട പരിശോധനയ്ക്ക് ശേഷം ഇ ഡി ഉദ്യോഗസ്ഥര്‍ മടങ്ങി. പരിശോധനയില്‍ നിര്‍ണായകമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥര്‍ രേഖാമൂലം അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
റെയ്ഡ് അവസാനിച്ചതിന് പിന്നാലെ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ക്കുകയും കല്ലേറും ചെരുപ്പേറും നടത്തുകയും ചെയ്തു. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും സാഹചര്യം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടു.






