കോഴിക്കോട്: സിഎംആര്‍എല്‍-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകള്‍ ഉള്‍പ്പെടെ 12 ഇടങ്ങളില്‍ ഇ ഡി നടത്തിയ പരിശോധനയെ വിമര്‍ശിച്ച് സിപിഐഎം നേതാവ് എം സ്വരാജ് രംഗത്ത്. ഇടതുപക്ഷത്തെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഭയപ്പെടുത്താന്‍ കഴിയില്ലെന്നും പിണറായി വിജയനെ ലക്ഷ്യമിടുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
“ഇ ഡി, സിബിഐ എന്നിവ കേട്ടാല്‍ മുട്ടുമടക്കുന്ന കോണ്‍ഗ്രസ് നേതാക്കളല്ല ഇടതുപക്ഷം. ഇ ഡി എന്ന വേട്ടപ്പട്ടിക്ക് മുന്നില്‍ പിണറായി വിജയന്‍ ഭയപ്പെടില്ല,” എന്നാണ് എം സ്വരാജ് പറഞ്ഞത്.
കോണ്‍ഗ്രസ് നേതാക്കളെയും ബിജെപിയെയും പരാമര്‍ശിച്ച് കേന്ദ്ര ഏജന്‍സികളുടെ ഉപയോഗം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിലെ ചില മുന്‍ നേതാക്കള്‍ അഴിമതിക്കേസുകളില്‍ പ്രതികളായെന്നും പിന്നീട് ബിജെപിയുടെ പാളയത്തിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു.
ഇ ഡി പരിശോധനയില്‍ വലിയ കണ്ടെത്തലുകളൊന്നുമില്ലെന്ന റിപ്പോര്‍ട്ടുകളെ ചൂണ്ടിക്കാട്ടിയും സ്വരാജ് പ്രതികരിച്ചു. “മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ കണ്ടെത്തിയത് ബാങ്ക് പാസ്ബുക്കുകള്‍ മാത്രമാണ്. പിന്നീട് ഒന്നും കണ്ടെത്താനായില്ലെന്ന് ഇ ഡി രേഖപ്പെടുത്തേണ്ടി വന്നു,” എന്നും അദ്ദേഹം പറഞ്ഞു.
സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട് യുഡിഎഫ് കാലത്തെ ചിലര്‍ക്കെതിരെയും അന്വേഷണം വേണമെന്നും, പക്ഷേ അതില്‍ സമാന നടപടി ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്നും എം സ്വരാജ് ചോദിച്ചു.






