കോഴിക്കോട്: വടകരയിൽ ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ എത്തിയ ശേഷം തീ കൊളുത്തിയ സംഭവത്തിൽ കടത്തനാട് ലേബർ സൊസൈറ്റി പ്രസിഡന്റ് ബഷീർ അഹമ്മദ് വീഴ്ച സമ്മതിച്ചു. ഇബ്രാഹിം കുട്ടിക്ക് നിക്ഷേപിച്ച പണം നൽകാൻ സാധിച്ചില്ലെന്ന് അദ്ദേഹം അറിയിച്ചു.
ഇബ്രാഹിം പല തവണ നിക്ഷേപത്തുക തിരികെ ആവശ്യപ്പെട്ടിരുന്നുവെന്നും, എന്നാൽ പലിശ മാത്രമാണ് നൽകാൻ കഴിഞ്ഞതെന്നും ബഷീർ അഹമ്മദ് പറഞ്ഞു. സൊസൈറ്റിക്ക് ഏകദേശം 1 കോടി 69 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതിനാലാണ് പണം തിരികെ നൽകാൻ കഴിയാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. “ഒന്നു രണ്ട് മാസം കൊണ്ട് പണം നൽകാൻ ശ്രമിക്കും” എന്ന് ഇബ്രാഹിമിനോട് പറഞ്ഞിരുന്നുവെന്നും ബഷീർ അഹമ്മദ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം വടകരയിൽ ഡിസിസി സെക്രട്ടറി സുധീറിന്റെ വീട്ടിൽ എത്തിയ തിരുവള്ളൂർ സ്വദേശി ഇബ്രാഹിംകുട്ടി ഹാജി (71) പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ രാത്രി മരണം സംഭവിച്ചു.
ഇബ്രാഹിമിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും, ലേബർ സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് സംഭവം നടന്നതെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.






