കണ്ണൂർ: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി. വിചാരണക്കോടതി മാറ്റണമെന്ന ഹർജി തലശ്ശേരി സെഷൻസ് കോടതി തള്ളി. ഇതോടെ കേസിന്റെ വിചാരണ നിലവിലെ കോടതിയിൽ തന്നെ തുടരാൻ തീരുമാനമായി.
തലശ്ശേരി മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് നിലവിൽ വിചാരണ നടക്കുന്നത്. നാളെ മുതൽ കേസിന്റെ വിചാരണ തുടരുമെന്നും കോടതി അറിയിച്ചു.
നേരത്തെ വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നെങ്കിലും, പ്രതികൾ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നു. കഴിഞ്ഞ 18-നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനകം രണ്ട് പ്രധാന സാക്ഷികളുടെ വിസ്താരം പ്രോസിക്യൂഷൻ പൂർത്തിയാക്കിയിരുന്നു.
കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം വന്നതിനെ തുടർന്ന് പ്രതിഭാഗം അഭിഭാഷകർ ക്രോസ് വിസ്താരത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. കേസ് നീണ്ടുപോകാനുള്ള സാധ്യത കണക്കിലെടുത്താണ് വിചാരണക്കോടതി ജാമ്യം റദ്ദാക്കിയതെന്നുമാണ് വിവരം.
ഹർജി തള്ളപ്പെട്ടതോടെ, വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 സിപിഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ. 2018 ഫെബ്രുവരി 18-നാണ് എടയന്നൂരിൽ ഷുഹൈബ് കൊല്ലപ്പെട്ടത്. എട്ട് വർഷത്തിന് ശേഷമാണ് കേസിൽ വിചാരണ ആരംഭിച്ചത്.






