കൊച്ചി: എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസ്താവന തള്ളി കുടുംബങ്ങൾ. പുനരധിവാസവുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും, പുനരധിവാസം അംഗീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്നും നിവാസികൾ പ്രതികരിച്ചു.
ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ ഉറച്ചുനിൽക്കുന്നതായി കുടുംബങ്ങൾ വ്യക്തമാക്കി. റീ സർവേ നടത്തണമെന്ന ആവശ്യവും തുടരുമെന്നും അവർ പറഞ്ഞു. മുൻപ് നടത്തിയ സർവേ ശരിയാണെന്ന അഭിഭാഷക കമ്മീഷൻ റിപ്പോർട്ട് തെറ്റാണെന്നും, കമ്മീഷൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും കുടുംബങ്ങൾ ആരോപിച്ചു.
“മുഖ്യമന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം. ഞങ്ങളുമായി ഇതുവരെ ഒരു ചർച്ചയും നടന്നിട്ടില്ല,” എന്നും പാരിയത്തുകാവ് നിവാസികൾ വ്യക്തമാക്കി. വിഷയത്തിൽ മുഖ്യമന്ത്രി മറ്റേതെങ്കിലും താൽപര്യത്തിന്റെ അടിസ്ഥാനത്തിലാണോ പ്രതികരിച്ചതെന്ന് അറിയില്ലെന്നും അവർ പറഞ്ഞു.
പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ എട്ട് കുടുംബങ്ങളെയാണ് കുടിയൊഴിപ്പിക്കൽ ബാധിക്കുന്നത്. സുപ്രീംകോടതി നിർദേശപ്രകാരമുള്ള നടപടിയുടെ ഭാഗമായാണ് മെയ് 20-ന് പൊലീസ് അടക്കമുള്ള സംഘം സ്ഥലത്തെത്തിയത്. ഇതോടെ പ്രദേശത്ത് ശക്തമായ പ്രതിഷേധം ഉയർന്നു.
പ്രതിഷേധത്തിനിടെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതായി നാട്ടുകാർ ആരോപിച്ചിരുന്നു. സംഭവത്തിൽ ചിലർക്കു പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
കുടിയൊഴിപ്പിക്കൽ വിഷയത്തിൽ ഹൈക്കോടതി മെയ് 25-ന് വിധി നടപ്പാക്കണമെന്ന നിലപാട് വ്യക്തമാക്കിയിരുന്നു. പ്രശ്നം പരിഹരിക്കാൻ സർക്കാർ രണ്ടാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടതായും വിവരമുണ്ട്.






