കുവൈത്ത് സിറ്റി: അനുവദനീയമായ വേഗപരിധി ലംഘിച്ച് അതിവേഗത്തിൽ വാഹനം ഓടിച്ച പ്രവാസി എൻജിനീയറെ കുവൈത്തിൽ നിന്ന് നാടുകടത്താൻ ഉത്തരവായി. മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗതയിൽ വാഹനം ഓടിക്കുന്ന പ്രവാസികളെ നാടുകടത്തുമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദേശപ്രകാരമുള്ള ആദ്യ നടപടികളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
മണിക്കൂറിൽ 153 കിലോമീറ്റർ വേഗതയിൽ കാർ ഓടിച്ചതിനാണ് അറബ് വംശജനായ എൻജിനീയറെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. ട്രാഫിക് റിപ്പോർട്ടിൽ വേഗപരിധി ലംഘിച്ചതായി അദ്ദേഹം സമ്മതിക്കുകയും ചെയ്തു.
എന്നാൽ, കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ കർശന നിർദേശങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നാണ് ഇയാൾ വിശദീകരിച്ചത്. ഈ വാദം അധികൃതർ അംഗീകരിച്ചില്ല. തുടർന്ന് ഇയാളെ നാടുകടത്തൽ നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിലേക്ക് മാറ്റി.
വരുന്ന ദിവസങ്ങളിലോ മണിക്കൂറുകൾക്കകമോ ഇയാളെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയയ്ക്കുമെന്നാണ് സുരക്ഷാ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി കൊണ്ടുവന്ന പുതിയ ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പാക്കുമെന്ന മുന്നറിയിപ്പും ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുണ്ട്.






