പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഒഡിഷയിൽ നിന്നെത്തിച്ച 34 കിലോ കഞ്ചാവുമായി നാലുപേർ പൊലീസ് പിടിയിലായി. ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ റക്കീബുൽ ഷേക്ക് (30), ഹസിബുൽ ഷേക്ക് (30), സമ്രാട്ട് ഷേക്ക് (26), സഞ്ജീബ് മണ്ഡൽ (48) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം ശനിയാഴ്‌ച രാത്രി കുന്നുവഴിയിൽനിന്ന് പിടികൂടിയത്. റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
ഒഡിഷയിൽ നിന്ന് ട്രെയിനിൽ ആലുവയിൽ എത്തി അവിടെനിന്ന് രണ്ട് ഓട്ടോറിക്ഷകളിലായി പെരുമ്പാവൂരിലേക്ക് വരുമ്പോഴായിരുന്നു പിടികൂടിയത്. പൊലീസിന് സംശയം തോന്നാതിരിക്കാനാണ് രണ്ട് ഓട്ടോറിക്ഷകൾ വിളിച്ചതെന്ന് പ്രതികൾ പറഞ്ഞു. ഒഡിഷയിൽ നിന്ന് കിലോയ്ക്ക് 5000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് 30,000 രൂപയ്ക്കാണ് ഇവിടെ വിൽക്കുന്നത്. കഞ്ചാവ് വിറ്റ് അന്നുതന്നെ ബംഗാളിലേക്ക് മടങ്ങുകയായിരുന്നു രീതി. എഎസ്‌പി ഹാർദിക് മീണ, ഇൻസ്പെക്ടർ എൽ അനിൽകുമാർ, എസ്ഐമാരായ ജോജോ ജോർജ്, വിഷ്ണു മുരളി, എഎസ്‌ഐമാരായ പി എ അബ്ദുൽ മനാഫ്, പ്രദീപ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.






