ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ വിഷയങ്ങളുടെ മാർക്ക് രേഖപ്പെടുത്താത്ത മാർക്ക് ലിസ്റ്റ് ലഭിച്ചതിനെ തുടർന്ന് ഒരു വിദ്യാർഥി സുപ്രീം കോടതിയെ സമീപിച്ചു. സൗദി അറേബ്യയിൽ നിന്ന് പരീക്ഷ എഴുതിയ ഇന്ത്യൻ വിദ്യാർഥിക്കാണ് ഈ പ്രശ്നം നേരിട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടും ഒരു വിഷയത്തിന്റെയും മാർക്ക് രേഖപ്പെടുത്തിയിട്ടില്ലാത്ത മാർക്ക് ലിസ്റ്റാണ് ലഭിച്ചതെന്ന് വിദ്യാർഥി ഹർജിയിൽ വ്യക്തമാക്കുന്നു. ഹർജി ഇന്ന് തന്നെ സുപ്രീം കോടതി പരിഗണിച്ചേക്കും.
വിദേശത്ത് പഠിക്കുന്ന നിരവധി സിബിഎസ്ഇ പ്രൈവറ്റ് വിദ്യാർഥികൾക്കും സമാനമായ പ്രശ്നങ്ങൾ നേരിടുന്നതായി വിദ്യാർഥിയുടെ അഭിഭാഷകൻ വിനീത് ജിൻഡാൽ അറിയിച്ചു. ചില വിദ്യാർഥികളുടെ പരീക്ഷാഫലങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. സംഭവം സിബിഎസ്ഇയുടെ പരീക്ഷാഫല പ്രസിദ്ധീകരണ നടപടികളുമായി ബന്ധപ്പെട്ട പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.






