കോഴിക്കോട്: നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്ക് മാറ്റി. രാത്രി 12 മണിയോടെയാണ് രോഗിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. മെഡിക്കൽ കോളജിലും പരിസരപ്രദേശങ്ങളിലും കർശന നിയന്ത്രണം ഏർപ്പെടുത്തി. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യമന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതലയോഗം ചേരും.
ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളജ് ലാബിൽ നടത്തിയ പരിശോധനയിലാണ് ഫറോക്ക് സ്വദേശിയായ 43 കാരന് നിപ കണ്ടെത്തിയത്. കൂടുതൽ വിദഗ്ധ പരിശോധനയ്ക്കായി പൂനെ എൻഐവിയിലേക്ക് സാംപിൾ അയച്ചിട്ടുണ്ട്. രോഗിക്ക് ആരൊക്കെയായി സമ്പർക്കം ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് ആരംഭിച്ചു. സമ്പർക്കപ്പട്ടിക ഇന്നു തയ്യാറാക്കും. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും, ഡീ അഡിക്ഷൻ സെന്ററിലും ഇയാൾ പോയിരുന്നതായി റിപ്പോർട്ടുകളുണ്ട്.
ബന്ധുക്കളോടും ഏറ്റവും കൂടുതൽ സമ്പർക്കം പുലർത്തിയവരോടും ക്വാറന്റീനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. വെന്റിലേറ്റർ സഹായത്തോടെയാണ് രോഗി നിലവിൽ ചികിത്സയിലുള്ളത്. നിപ രോഗിയെ പ്രവേശിപ്പിച്ച വാർഡിന് സമീപത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. പ്രത്യേക ബാരിക്കേഡുകൾ സ്ഥാപിച്ചു.എസ്ഡിഎസ് ബ്ലോക്കിലേക്കുള്ള വഴി അടച്ചു. വാർഡിന്റെ പരിസരത്തെ പാർക്കിങ്ങും പൂർണ്ണമായി നിരോധിച്ചു.






