തൃശ്ശൂർ: മുന്‍ എഐസിസി അംഗവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ എൻ കെ സുധീർ വീണ്ടും കോണ്‍ഗ്രസിലേക്ക്. നേരത്തെ കോണ്‍ഗ്രസ് വിട്ടിരുന്ന സുധീര്‍ പിന്നീട് പി.വി. അന്‍വറിനൊപ്പവും തുടര്‍ന്ന് ബിജെപിയിലും പ്രവര്‍ത്തിച്ചിരുന്നു.
കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയ വിവരം സുധീര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ജീവിതത്തില്‍ ചില സാഹചര്യങ്ങളും തീരുമാനങ്ങളും അനിവാര്യമാണെന്നും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെറിയൊരു ഇടവേള എടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, തന്റെ രാഷ്ട്രീയ വേരുകളും ആശയങ്ങളും എന്നും കോണ്‍ഗ്രസ് പ്രസ്ഥാനത്തോടൊപ്പമായിരുന്നുവെന്ന് തിരിച്ചറിഞ്ഞതിനാലാണ് തിരിച്ചുവരവ് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവര്‍ത്തകനെന്ന നിലയില്‍ നാട്ടിലെയും പാര്‍ട്ടിയിലെയും സഹപ്രവര്‍ത്തകരുടെ ആഗ്രഹവും മനസാക്ഷിയുടെ ശബ്ദവും മാനിച്ചാണ് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നതെന്ന് സുധീര്‍ പറഞ്ഞു. പഴയ ആവേശത്തോടെയും ഊര്‍ജത്തോടെയും നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുമെന്നും എല്ലാവരുടെയും പിന്തുണ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സുധീര്‍ ഡിഎംകെ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. പിന്നീട് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് പി വി അൻവർ അദ്ദേഹത്തെ പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ അവസരം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് പി.വി. അന്‍വറിന്റെ പാര്‍ട്ടിയുടെ ഭാഗമായി മത്സരിക്കാന്‍ സുധീര്‍ തീരുമാനിച്ചിരുന്നത്. ഇപ്പോള്‍ വീണ്ടും കോണ്‍ഗ്രസ് കുടുംബത്തിന്റെ ഭാഗമായതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ തിരിച്ചുവരവ് ചര്‍ച്ചയാകുകയാണ്.






