തിരുവനന്തപുരം: മഴയ്ക്കൊപ്പം സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നു. ഡെങ്കിപ്പനി, എലിപ്പനി, ഷിഗെല്ല തുടങ്ങിയ രോഗബാധയില്‍ വന്‍ വര്‍ധനവാണ് സംസ്ഥാനത്ത് ഉണ്ടായതെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. ഈ വര്‍ഷം ജൂണ്‍ 11 വരെ സംസ്ഥാനത്ത് 114 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മൂന്നു ജില്ലകളിലാണ് ഇതുവരെ രോഗം കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 11 വരെ 54 പേര്‍ക്ക് മാത്രമായിരുന്നു ഷിഗെല്ല സ്ഥിരീകരിച്ചിരുന്നത്.
ഈ വര്‍ഷം ഷിഗെല്ല ബാധിച്ച് രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുട്ടികളില്‍ വളരെ വേഗം പടരാന്‍ സാധ്യതയുള്ള രോഗമാണ്. മലിനമായ ജലവും മോശമായ ഭക്ഷണവുമാണ് രോഗം പകരാനുള്ള പ്രധാന മാര്‍ഗമെന്ന് ആരോഗ്യ വകുപ്പ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. മഴക്കാല പൂര്‍വ ശുചീകരണം പലയിടത്തും സമയബന്ധിതമായി പൂർത്തീകരിക്കാതിരുന്നതും കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകാന്‍ കാരണമായതായി വിലയിരുത്തപ്പെടുന്നു.
ഇതിനെല്ലാം പുറമെയാണ് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരവും ഉയരുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 11 വരെ എട്ടു കേസുകള്‍ മാത്രമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ വര്‍ഷത്തിന്റെ അവസാനത്തോടെ 201 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇക്കൊല്ലം ജൂണ്‍ 11 വരെ 133 അമീബിക് മസ്തിഷ്ക ജ്വര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 33 പേരാണ് ഇതുവരെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിട്ടുള്ളത്.
ഡെങ്കിപ്പനി കേസുകള്‍ പ്രതിദിനം 130 എന്ന തോതിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും വര്‍ധിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ സൂചിപ്പിക്കുന്നു. 13,000 ന് മുകളിലാണ് നിലവില്‍ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം. സംസ്ഥാനത്ത് ആറു മാസത്തിനിടെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 153 ആണ്. രോഗ പ്രതിരോധത്തിനൊപ്പം, രോഗവ്യാപനം തടയാനുള്ള നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്.






