കിൻസാഷ: കിഴക്കൻ കോംഗോയിൽ എബോള വൈറസ് വ്യാപനം രൂക്ഷമാകുന്നതായി ആരോഗ്യ അധികൃതർ. ഇതുവരെ 782 എബോള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മരണസംഖ്യ 181 ആയി ഉയർന്നതായും കോംഗോ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മെയ് 15 മുതൽ രോഗവ്യാപനം ആരംഭിച്ചെങ്കിലും ആഴ്ചകൾക്ക് ശേഷമാണ് എബോള സ്ഥിരീകരിക്കപ്പെട്ടത്. അതിനാൽ യഥാർഥ രോഗബാധിതരുടെ എണ്ണം റിപ്പോർട്ട് ചെയ്തതിലധികം ആയിരിക്കാമെന്നാണ് സന്നദ്ധ സംഘടനകളുടെ വിലയിരുത്തൽ.
ഇപ്പോഴത്തെ വ്യാപനത്തിന് കാരണമായിരിക്കുന്നത് അപൂർവമായ ബുണ്ടിബുഗ്യോ വകഭേദം എബോള വൈറസാണ്. ഈ വൈറസിനെതിരെ നിലവിൽ അംഗീകൃത വാക്സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ല. മുൻകാലങ്ങളിൽ കോംഗോയിൽ ഉണ്ടായ എബോള വ്യാപനങ്ങൾ കൂടുതലും സൈർ വകഭേദവുമായി ബന്ധപ്പെട്ടവയായിരുന്നു.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 56 പേർ രോഗമുക്തരായിട്ടുണ്ട്. നിലവിലെ മരണനിരക്ക് 23 ശതമാനമാണ്. രാജ്യത്തിന്റെ കിഴക്കൻ ഭാഗത്തെ ഇറ്റൂരി പ്രവിശ്യയിലാണ് 90 ശതമാനത്തിലധികം കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വടക്കൻ കിവു, തെക്കൻ കിവു പ്രവിശ്യകളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം അതിർത്തി കടന്ന് ഉഗാണ്ടയിലേക്കും എത്തിയിട്ടുണ്ട്.
സംഘർഷങ്ങളും ജനങ്ങളുടെ കൂട്ടപ്പലായനവും രോഗനിയന്ത്രണത്തിന് വലിയ വെല്ലുവിളിയാകുകയാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം ഇറ്റൂരിയിൽ മാത്രം ഏകദേശം പത്ത് ലക്ഷം പേർ സംഘർഷത്തെ തുടർന്ന് കുടിയൊഴിഞ്ഞിട്ടുണ്ട്. ഇടതൂർന്ന വനപ്രദേശങ്ങളും മോശം ഗതാഗതസൗകര്യങ്ങളും കാരണം പല ഗ്രാമങ്ങളിലേക്കും എത്തിച്ചേരാൻ ദിവസങ്ങൾ വേണ്ടിവരുന്ന സാഹചര്യമുണ്ട്.
ജനങ്ങളുടെ നിരന്തര സഞ്ചാരവും കുടിയൊഴിപ്പിക്കലും കാരണം രോഗബാധിതരുമായി സമ്പർക്കത്തിലായവരെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്ന് മാനുഷിക സഹായ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഖനന മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കിടയിലും ആരോഗ്യസേവനങ്ങൾ പരിമിതമാണ്. ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണങ്ങളും സായുധ സംഘർഷങ്ങളും എബോള നിയന്ത്രണ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നതായി അധികൃതർ വ്യക്തമാക്കി.






