മധുബാലയെയും ഇന്ദ്രൻസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായിക വർഷാ വാസുദേവ് ഒരുക്കുന്ന “ചിന്ന ചിന്ന ആസൈ”യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ജൂൺ 19ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് കേരളത്തിലെ വിതരണ ചുമതല വഹിക്കുന്നത്.
ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജി നിർമ്മിക്കുന്ന ചിത്രത്തിന് അടുത്തിടെ ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. കൊച്ചിയിലെ ഫോറം മാളിലെ പി.വി.ആർ സിനിമാസിൽ നടന്ന ചടങ്ങിലാണ് ട്രെയ്‌ലർ ലോഞ്ച് നടത്തിയത്. സിനിമയുടെ അണിയറ പ്രവർത്തകരും താരങ്ങളും മലയാള സിനിമാ മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ട്രെയ്‌ലർ പുറത്തിറക്കിയത്.
പ്രണയം, വികാരം, സംഗീതം എന്നിവ മനോഹരമായി കോർത്തിണക്കിയ കഥയാണ് ചിത്രമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. മധുബാലയുടെയും ഇന്ദ്രൻസിന്റെയും ശ്രദ്ധേയ പ്രകടനങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കുമെന്ന് ട്രെയ്‌ലർ വ്യക്തമാക്കുന്നു. പൂർണമായും വാരണാസിയെ പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ “കഥക്”, “കര കവിയാതെ” എന്നീ ഗാനങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ഗോവിന്ദ് വസന്തയുടെ സംഗീതവും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റാണ്. വലിയ സ്വീകാര്യത നേടിയ ‘എന്റെ നാരായണിക്ക്’ എന്ന ഹ്രസ്വചിത്രത്തിന് ശേഷം വർഷാ വാസുദേവ് സംവിധാനം ചെയ്യുന്ന ആദ്യ ഫീച്ചർ ചിത്രമാണിത്. കൂടാതെ, ഇടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രവുമായി മധുബാല മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മധുബാല, ഇന്ദ്രൻസ് എന്നിവർക്കൊപ്പം അപർണ ബാലമുരളി, വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫർ സാദിഖ്, സായ് ജനനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. വർഷാ വാസുദേവ് തന്നെ രചന നിർവഹിച്ചിരിക്കുന്ന ചിത്രം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.




