തൃശ്ശൂർ: മുറ്റിച്ചൂരിൽ തെരുവുനായകൾ പിന്തുടർന്നതിനെത്തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ വയോധിക മരിച്ചു. മുറ്റിച്ചൂർ സ്വദേശിനി സുഹ്റ (75) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെയാണ് മുറ്റിച്ചൂർ പാലത്തിന് സമീപം അപകടം ഉണ്ടായത്. ബന്ധുവിനൊപ്പം സ്കൂട്ടറിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സുഹ്റയുടെ അടുത്തേക്ക് തെരുവുനായകൾ ഓടിയെത്തുകയായിരുന്നു.
നായകളെ കണ്ട് ഭയന്ന ബന്ധു സ്കൂട്ടറിന്റെ വേഗത കൂട്ടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇതോടെ സുഹ്റ സ്കൂട്ടറിൽ നിന്ന് താഴെ വീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഗുരുതരാമായി പരിക്കേറ്റ ഇവരെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.






