കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കോടതിയിൽ സമർപ്പിച്ചു. അന്വേഷണത്തിന് നേതൃത്വം നൽകുന്ന എസ്പി എസ്. ശശിധരൻ നേരിട്ട് കോടതിയിൽ ഹാജരായി റിപ്പോർട്ട് കൈമാറി. പ്രഭാമണ്ഡലത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച വിവരം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഹർജി കോടതി പരിഗണിച്ചുവരികയാണെന്നും അറിയുന്നു.
തൊണ്ടിമുതൽ ലഭ്യമല്ലാത്ത കേസായതിനാൽ ശാസ്ത്രീയ പരിശോധനാഫലങ്ങൾ നിർണായകമാകും. സ്വർണം പൂശിയ സമയത്ത് പ്രഭാമണ്ഡലം, കട്ടിളപ്പാളി, ദ്വാരപാലക പ്രതിമകൾ എന്നിവയിൽ ഉണ്ടായിരുന്ന സ്വർണത്തിന്റെ അളവും വർഷങ്ങൾക്കുശേഷം അവയിൽ ശേഷിക്കുന്ന സ്വർണത്തിന്റെ അളവും സംബന്ധിച്ച പരിശോധനാഫലങ്ങളാണ് കോടതിയുടെ തീരുമാനത്തെ സ്വാധീനിക്കുക.
ഇതിനായി കഴിഞ്ഞ ദിവസം എസ്ഐടി ഉദ്യോഗസ്ഥർ സന്നിധാനത്തെത്തി പ്രഭാമണ്ഡലത്തിന്റെ അളവും തൂക്കവും പരിശോധിച്ചിരുന്നു. നേരത്തെ ദ്വാരപാലക പ്രതിമകളുടെയും കട്ടിളപ്പാളിയുടെയും പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
എസ്ഐടി റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാകും ശബരിമലയിൽ നിന്ന് നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവിനെക്കുറിച്ച് കോടതി അന്തിമ നിലപാട് സ്വീകരിക്കുക.
അതേസമയം, കേസിലെ പ്രതിപ്പട്ടിക വിപുലപ്പെടുത്തുന്ന കാര്യത്തിലും കോടതി ഇന്ന് തീരുമാനമെടുത്തേക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും മുൻ അംഗം അജികുമാറിനെയും എസ്ഐടി ചോദ്യം ചെയ്തിരുന്നു. ഇവർ ചുമതല വഹിച്ചിരുന്ന കാലയളവിലാണ് ദ്വാരപാലക പ്രതിമകളിലെ സ്വർണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.






