കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായി ജിതിൻ ഭാസ്കർ സമ്മതിച്ചെന്ന് ഫൊറൻസിക് റിപ്പോർട്ട്. വിവാദ സന്ദേശം അയച്ച ഫോൺ റീസെറ്റ് ചെയ്തതായി പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യംചെയ്യലിൽ അദ്ദേഹം അംഗീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ജില്ലാ ഫൊറൻസിക് സയൻസ് ലാബിൽ നടത്തിയ പരിശോധനയിലാണ് ഫോൺ റീസെറ്റ് ചെയ്തതായി സ്ഥിരീകരിച്ചത്. റീസെറ്റ് ചെയ്താൽ ഫോണിലെ എല്ലാ ഡാറ്റയും മായ്ച്ചുകളയുകയും ഉപകരണം ആദ്യനിലയിലേക്കു മടങ്ങുകയും ചെയ്യും.
കൂടുതൽ പരിശോധനയ്ക്കായി ഫോൺ തിരുവനന്തപുരത്തെ സ്റ്റേറ്റ് ഫൊറൻസിക് ലാബിലേക്ക് അയയ്ക്കും. നിലവിൽ കോടതി കസ്റ്റഡിയിലിരിക്കുന്ന ഫോണിന് കോടതിയുടെ അനുമതിയോടെ മാത്രമേ തുടർ പരിശോധന നടത്താനാകൂ. ജിതിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞ ശേഷം പോലീസ് കോടതിയിൽ അപേക്ഷ നൽകും.
അതേസമയം, തിരുവനന്തപുരത്തെ പരിശോധനയിൽ കൂടുതൽ നിർണായക വിവരങ്ങൾ ലഭിക്കാമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. വ്യാഴാഴ്ച മുതൽ ജിതിൻ പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലായിരുന്നു. വെള്ളിയാഴ്ച റൂറൽ എസ്.പി. മെറിൻ ജോസഫ്, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ടി. മനോഹരൻ എന്നിവരുടെ നേതൃത്വത്തിൽ ചോദ്യംചെയ്യൽ നടന്നു. ശനിയാഴ്ചയും ചോദ്യംചെയ്യൽ തുടരും; തുടർന്ന് വൈകീട്ട് കോടതിയിൽ ഹാജരാക്കും.
ഇതിനിടെ, ജിതിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സി.പി.എം. ശനിയാഴ്ച റൂറൽ എസ്.പി. ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.




