കൊച്ചി: കുംഭമേള താരമായ പെണ്‍കുട്ടിക്ക് സുരക്ഷ ഒരുക്കാന്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് നടപടി തുടങ്ങി. പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സെന്‍ട്രല്‍ പൊലീസ്. സുരക്ഷ ഉറപ്പാക്കുന്നതിനായി വിവരങ്ങള്‍ തേടി അഭിഭാഷകനു നോട്ടീസ് അയച്ചിട്ടുണ്ട്.
ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച്, പെണ്‍കുട്ടിയുടെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് നിരീക്ഷിച്ചു. തുടര്‍ന്നാണ് സുരക്ഷ നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്.
പെണ്‍കുട്ടി മുഹമ്മദ് ഫര്‍മാനുമായി ഈ വര്‍ഷം മാര്‍ച്ച് 11ന് കേരളത്തില്‍ വെച്ച് വിവാഹിതയായതായിരുന്നു. മാതാപിതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഫര്‍മാനൊപ്പം പെണ്‍കുട്ടി കേരളത്തിലെത്തിയിരുന്നു. പിന്നാലെ പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ മുഹമ്മദ് ഫര്‍ഹാനെതിരെ തട്ടിക്കൊണ്ടുപോകല്‍ കുറ്റവും ചുമത്തിയിട്ടുണ്ട്.
ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വ്യാജ വിവരങ്ങള്‍ നല്‍കിയെന്നാണ് മധ്യപ്രദേശ് പൊലീസിന്റെ ആരോപണം. രേഖകളില്‍ വ്യത്യാസങ്ങളുണ്ടെന്നും പെണ്‍കുട്ടിയുടെ പ്രായം 16 വയസ് മാത്രമാണെന്നും പൊലീസ് പറയുന്നു. ഈ സാഹചര്യത്തില്‍ വിവാഹം നിയമപരമായി അസാധുവാണെന്നും മധ്യപ്രദേശ് പൊലീസ് ഹൈക്കോടതിയില്‍ വാദിച്ചിരുന്നു.






