ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ പ്രവർത്തിക്കുന്ന കടൽവിഭവ കയറ്റുമതി സ്ഥാപനത്തിൽ അമോണിയ വാതകം ചോർന്നുണ്ടായ അപകടത്തിൽ ഏഴ് തൊഴിലാളികൾ മരിച്ചു. വാതകം ശ്വസിച്ച നിരവധി തൊഴിലാളികളുടെ നില ഗുരുതരമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
അപകടത്തെ തുടർന്ന് 60-ലധികം തൊഴിലാളികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ളവരിൽ പലരുടെയും ആരോഗ്യനില ആശങ്കാജനകമാണെന്നാണ് റിപ്പോർട്ടുകൾ. ബാധിതരിൽ ഭൂരിഭാഗവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ്.
ശ്വാസതടസ്സവും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ട തൊഴിലാളികളെ അടിയന്തരമായി ആംബുലൻസുകളിൽ ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അപകടത്തെ തുടർന്ന് ഫാക്ടറിയിൽ വ്യാപക രക്ഷാപ്രവർത്തനം തുടരുകയാണ്. വാതകച്ചോർച്ചയുടെ കാരണം കണ്ടെത്താൻ ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദുരന്തത്തിൽ തമിഴ്നാട് ഗവർണർ രാജേന്ദ്ര ആർലേക്കർ അനുശോചനം രേഖപ്പെടുത്തി. മരിച്ച തൊഴിലാളികളുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ച അദ്ദേഹം, പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകിയതായും അറിയിച്ചു.






