താരസംഘടനയായ ‘അമ്മ’യിലെ ഭരണസമിതി രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന നടി മല്ലികാ സുകുമാരൻ. വൈസ് പ്രസിഡന്റായിരുന്ന ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവെച്ചതിന് പിന്നാലെയാണ് മല്ലികയുടെ പ്രതികരണം.
ശ്വേതാ മേനോൻ രാജിവെക്കേണ്ട സാഹചര്യമല്ല ഉണ്ടായിരുന്നതെന്നും, മറിച്ച് ജനറൽ സെക്രട്ടറിയും ട്രഷററുമാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് പദവി ഒഴിയേണ്ടിയിരുന്നതെന്നും മല്ലികാ സുകുമാരൻ പറഞ്ഞു. വാർഷിക റിപ്പോർട്ടും കണക്കുകളും പാസാക്കാൻ കഴിയാതിരുന്നതിൽ ശ്വേതയ്ക്ക് കുറ്റബോധമുണ്ടായിരുന്നുവെന്നും, നിരവധി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ വൈകാരികമായാണ് അവർ രാജി തീരുമാനമെടുത്തതെന്നും മല്ലിക അഭിപ്രായപ്പെട്ടു.
ചില വിഷയങ്ങളിൽ കൃത്യമായ വിശദീകരണം നൽകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ശ്വേതയെന്നും, മറ്റ് ഭാരവാഹികൾ മൗനം പാലിച്ചപ്പോൾ താൻ മാത്രം പദവിയിൽ തുടരേണ്ടതില്ലെന്ന ചിന്തയാണ് രാജിയിലേക്ക് നയിച്ചതെന്നും അവർ പറഞ്ഞു.
തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ക്ഷമ ചോദിക്കേണ്ടത് മറ്റ് ഭാരവാഹികളായിരുന്നുവെന്നും, എന്നാൽ അവർ അതിന് തയ്യാറായില്ലെന്നും മല്ലിക വിമർശിച്ചു. ഭരണസമിതിക്ക് നിരവധി വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും അവർ തുറന്നുപറഞ്ഞു.
സംഘടനയുടെ ഭാവി നേതൃത്വത്തെക്കുറിച്ചും മല്ലിക അഭിപ്രായപ്പെട്ടു. കാര്യങ്ങൾ പഠിച്ച് സംസാരിക്കുന്നതും ചലച്ചിത്ര മേഖലയെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതുമായ ആളുകൾ ഭരണസമിതിയിലേക്ക് വരണമെന്നും അവർ പറഞ്ഞു. സംഘടനയെ നയിക്കാൻ കഴിവുള്ള യുവതലമുറയ്ക്ക് കൂടുതൽ അവസരം നൽകണമെന്നും, ആരാണ് നേതൃത്വം നൽകേണ്ടതെന്ന് മുതിർന്ന താരങ്ങൾ സജീവമായി തീരുമാനിക്കണമെന്നും മല്ലിക കൂട്ടിച്ചേർത്തു.
പാവപ്പെട്ട കലാകാരന്മാർക്ക് സഹായങ്ങൾ ലഭ്യമാക്കണമെങ്കിൽ സംഘടന ശക്തമായും കാര്യക്ഷമമായും പ്രവർത്തിക്കേണ്ടതുണ്ടെന്നും, സംഘടനയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരരുതെന്നും മല്ലികാ സുകുമാരൻ പറഞ്ഞു.




