ആലപ്പുഴ: പള്ളിപ്പാട്ടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ കോടികൾ വിലമതിക്കുന്നതായി കരുതുന്ന തിമിംഗല ഛർദി (അംബർഗ്രിസ്) പിടിച്ചെടുത്തു. ഹരിപ്പാട് പൊലീസിന്റെ പരിശോധനയിലാണ് 44 കിലോഗ്രാം ഭാരമുള്ള സംശയാസ്പദ വസ്തു കണ്ടെത്തിയത്.
റെയ്ഡ് നടക്കുമ്പോൾ വീട്ടിൽ താമസിച്ചിരുന്ന കായംകുളം നെടുവക്കാട് സ്വദേശി നിതീഷ് (35) സ്ഥലത്തുണ്ടായിരുന്നില്ല. ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിടിച്ചെടുത്ത വസ്തു സുഹൃത്തായ പള്ളിപ്പാട് സ്വദേശി ജസ്റ്റിൻ സൂക്ഷിക്കാൻ ഏൽപ്പിച്ചതാണെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ നിതീഷിനെയും ജസ്റ്റിനെയും കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കി.
വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്ന വിഷയമായതിനാൽ പിടിച്ചെടുത്ത വസ്തു വനംവകുപ്പിന് കൈമാറി. കേസിന്റെ തുടർ അന്വേഷണം വനംവകുപ്പായിരിക്കും നടത്തുക.
പള്ളിപ്പാട് സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ കഴിഞ്ഞ ഒരു വർഷമായി നിതീഷും കുടുംബവും വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ളവരെ കേന്ദ്രീകരിച്ച് ഹരിപ്പാട് പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഈ ശേഖരം കണ്ടെത്തിയത്.
പ്ലാസ്റ്റിക് ഫിലിം ഉപയോഗിച്ച് വായു കടക്കാത്ത വിധത്തിൽ അതീവ സുരക്ഷിതമായി പൊതിഞ്ഞ അഞ്ച് വലിയ പാക്കറ്റുകളിലായാണ് വസ്തു സൂക്ഷിച്ചിരുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് കോടിക്കണക്കിന് രൂപ വിലവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ ഇത് യഥാർഥ അംബർഗ്രിസ് തന്നെയാണോ എന്നത് രാസപരിശോധനാ ഫലം ലഭിച്ചതിന് ശേഷമേ സ്ഥിരീകരിക്കാൻ കഴിയൂ.
വീട്ടിലുണ്ടായിരുന്ന യുവതിക്ക് ഈ ഇടപാടുകളെക്കുറിച്ച് അറിവുണ്ടായിരുന്നോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കേസിൽ നേരിട്ടുള്ള പങ്കാളിത്തം തെളിഞ്ഞാൽ മാത്രമേ ഇവരെ പ്രതിചേർക്കൂ എന്ന് പൊലീസ് വ്യക്തമാക്കി.
ഒളിവിലുള്ള നിതീഷ് മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. ആംസ് ആക്ട് പ്രകാരമുള്ള കേസും ഗുണ്ടാസംഘങ്ങളെ സംഘടിപ്പിച്ച് ജന്മദിനാഘോഷം നടത്തിയതുമായി ബന്ധപ്പെട്ട കേസും ഇയാൾക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഹരിപ്പാട് എസ്.എച്ച്.ഒ വി. ഷിബു, എസ്.ഐ നൗഷാദ്, ഷാഡോ പൊലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എ.എസ്.ഐ ഷിഹാബ്, പ്രൊബേഷൻ എസ്.ഐ ദേവരാജൻ, രേഖ, ഡാൻസാഫ് അംഗങ്ങൾ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ പിടികൂടിയ ശേഷമേ കേസിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.






