അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ക്ഷേത്രത്തിന്റെ ദൈനംദിന ഭരണനിർവഹണത്തിൽ നിർണായക മാറ്റം വരുത്തി ഉത്തർപ്രദേശ് സർക്കാർ. ക്ഷേത്രത്തിന്റെ സാമ്പത്തിക ഇടപാടുകളും ഭരണപരമായ കാര്യങ്ങളും ഇനി മുതൽ അയോധ്യ ജില്ലാ മജിസ്ട്രേറ്റ് ശശാങ്ക് ത്രിപാഠിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും.
ഇതുവരെ ആർഎസ്എസ്-സംഘപരിവാർ ബന്ധമുള്ള നേതാക്കൾ ഉൾപ്പെട്ട ട്രസ്റ്റാണ് ക്ഷേത്രത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളും സംഭാവനകളുടെ പരിപാലനവും നിയന്ത്രിച്ചിരുന്നത്. എന്നാൽ ക്ഷേത്രത്തിലേക്കെത്തുന്ന പണത്തിലും മറ്റ് സംഭാവനകളിലും ക്രമക്കേടുകൾ നടക്കുന്നുവെന്ന ആരോപണങ്ങൾ ശക്തമായതോടെയാണ് ഭരണച്ചുമതലകളിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചത്.
ഏകദേശം 200 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് ക്ഷേത്ര ഫണ്ടിൽ നടന്നിട്ടുണ്ടെന്ന ആരോപണമാണ് വിവാദത്തിന് വഴിവെച്ചത്. മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും തുടർന്ന് മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും വിഷയത്തിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ക്ഷേത്രത്തിന് ലഭിച്ച പണവും വിലപിടിപ്പുള്ള സംഭാവനകളും കൈകാര്യം ചെയ്യുന്നതിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നുവെന്നാണ് ആരോപണം.
ഇതിനിടെ, ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് റിപ്പോർട്ട് കൈമാറിയത്. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായിയുടെ അടുത്ത അനുയായികളിൽ ചിലർക്കെതിരെ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ ഉണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ മജിസ്ട്രേറ്റിന് ക്ഷേത്രത്തിന്റെ ഭരണച്ചുമതല കൈമാറുന്ന സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്.
ഭരണമാറ്റത്തോടൊപ്പം സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കാണിക്ക പണം എണ്ണുന്ന കേന്ദ്രങ്ങളിൽ അധിക സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും പണം കൈകാര്യം ചെയ്യുന്ന ജീവനക്കാരെ കർശന പരിശോധനയ്ക്ക് വിധേയരാക്കാനും തീരുമാനിച്ചിട്ടുണ്ട്. സംഭാവനകൾ സ്വീകരിക്കുന്നതിലും രേഖപ്പെടുത്തുന്നതിലും പുതിയ നിയന്ത്രണങ്ങളും സംവിധാനങ്ങളും കൊണ്ടുവരാൻ ജില്ലാ ഭരണകൂടം തയ്യാറെടുക്കുകയാണ്.
അതേസമയം, നിലവിലെ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.






