കോഴിക്കോട്: ഖത്തറിലെ റാസ് ലഫാൻ വ്യാവസായിക മേഖലയിലെ ഗ്യാസ് പ്ലാന്റിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരിൽ മലയാളിയും. കോഴിക്കോട് തൂണേരി വെള്ളൂർ സ്വദേശിയും പ്ലാന്റ് സൂപ്പർവൈസറുമായ അർജുൻ (29) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അറ്റകുറ്റപ്പണികൾക്കിടെ പ്ലാന്റിൽ സ്‌ഫോടനമുണ്ടായത്.
അപകടത്തിൽ ആകെ 13 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 12 പേർ ഇന്ത്യക്കാരും ഒരാൾ പാകിസ്താൻ സ്വദേശിയുമാണെന്ന് ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ടാൻസാനിയ, കെനിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 66 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് ഖത്തർ എനർജി അറിയിച്ചത്.
മരിച്ച ഇന്ത്യൻ പൗരന്മാരുടെ മൃതദേഹങ്ങൾ എത്രയും വേഗം സ്വദേശങ്ങളിലെത്തിക്കുന്നതിനുള്ള നടപടികൾ ഖത്തർ അധികൃതരുമായി സഹകരിച്ച് പുരോഗമിക്കുകയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ എംബസി, ബാധിത കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകുകയും ചെയ്തു.
കഴിഞ്ഞ മാർച്ചിൽ ഉണ്ടായ ഇറാൻ മിസൈൽ ആക്രമണത്തിൽ ഖത്തറിന്റെ പ്രധാന ഗ്യാസ് പ്രോസസ്സിംഗ് യൂണിറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതിനെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ചിരുന്ന പ്ലാന്റുകൾ വീണ്ടും പ്രവർത്തനസജ്ജമാക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
പ്രകൃതി വാതകത്തെ മൈനസ് 162 ഡിഗ്രി സെൽഷ്യസിലേക്ക് തണുപ്പിച്ച് ദ്രാവകരൂപത്തിലാക്കുന്ന അതീവ സങ്കീർണമായ ‘കൂൾഡൗൺ’ ഘട്ടത്തിൽ ഉണ്ടായ സാങ്കേതിക തകരാറാണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
അപകടത്തിന് പിന്നാലെ അടിയന്തര രക്ഷാസേന സ്ഥലത്തെത്തി തീയണച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. വൻ സ്‌ഫോടനമുണ്ടായെങ്കിലും ഖത്തറിന്റെ എൽഎൻജി കയറ്റുമതിയെയോ റാസ് ലഫാൻ തുറമുഖത്തിന്റെ പ്രവർത്തനങ്ങളെയോ സംഭവം ബാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അന്താരാഷ്ട്ര വിപണിയിലേക്കുള്ള പ്രകൃതി വാതക വിതരണം സാധാരണ നിലയിൽ തുടരുന്നുണ്ടെന്നും ഖത്തർ എനർജി വ്യക്തമാക്കി.
അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി ഖത്തർ എനർജി ഉന്നതതല സാങ്കേതിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






