കോഴിക്കോട്: ഖത്തർ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലെ പ്രകൃതി വാതക പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിൽ എത്തിച്ചു. തൂണേരി വെള്ളൂർ സ്വദേശി കളരിയുള്ളതിൽ അർജുൻ (29) ആണ് അപകടത്തിൽ മരിച്ചത്.
ഇന്ന് പുലർച്ചെ 2.30ഓടെ മൃതദേഹം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചു. തുടർന്ന് ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം രാവിലെ 6.30ഓടെ വീട്ടിലെത്തിച്ചു. അപകടത്തിൽ മരിച്ച ഏക മലയാളിയാണ് അർജുൻ.
ഞായറാഴ്ച രാത്രിയാണ് ഖത്തറിലെ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലെ പ്ലാന്റിൽ സ്ഫോടനം ഉണ്ടായത്. അറ്റകുറ്റപ്പണികൾക്കിടെയായിരുന്നു പൊട്ടിത്തെറി ഉണ്ടായതെന്ന് റിപ്പോർട്ടുകളുണ്ട്. അപകടത്തിൽ 13 പേർ മരിച്ചതായും, ഇതിൽ 12 പേർ ഇന്ത്യക്കാരാണെന്നും ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
കഴിഞ്ഞ മാർച്ചിൽ നടന്ന ഇറാൻ മിസൈൽ ആക്രമണത്തിൽ ഖത്തറിലെ പ്രധാന ഗ്യാസ് പ്രോസസ്സിംഗ് യൂണിറ്റുകൾക്ക് വലിയ നാശനഷ്ടം സംഭവിച്ചിരുന്നു. തുടർന്ന് നിർത്തിവെച്ചിരുന്ന പ്ലാന്റുകൾ വീണ്ടും പ്രവർത്തന സജ്ജമാക്കുന്നതിനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.
പ്രകൃതി വാതകത്തെ മൈനസ് 162 ഡിഗ്രി സെൽഷ്യസിലേക്ക് തണുപ്പിച്ച് ദ്രാവക രൂപത്തിലാക്കുന്ന ‘കൂൾഡൗൺ’ ഘട്ടത്തിൽ ഉണ്ടായ സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമായതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.






