കാസർകോട്: ദേശീയപാതയിൽ പട്രോളിങ്ങിനിടെ കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസർ കെ.എം. സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റേണ്ടിവന്നു. പിലിക്കോട് സ്വദേശിയായ സൂരജ് മംഗളൂരുവിലെ തേജസ്വിനി ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിൽ നേരത്തെ ഇടത് കാൽ മുറിച്ചുമാറ്റിയിരുന്നു. വലത് കാലിനും ഏകദേശം 70 ശതമാനം ഗുരുതര പരിക്കേറ്റിരുന്നു. കാലിന്റെ പ്രവർത്തനം വീണ്ടെടുക്കാൻ ഒന്നിലധികം ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ഫലം കാണാത്തതിനാലാണ് ഡോക്ടർമാർ വലത് കാലും മുറിച്ചുമാറ്റാൻ തീരുമാനിച്ചത്.
അതേ അപകടത്തിൽ പരിക്കേറ്റ മറ്റൊരു സിവിൽ പൊലീസ് ഓഫീസറായ ചിറ്റാരിക്കാൽ കുന്നുംകൈ സ്വദേശിയായ അലോഷ്യസ് മാത്യുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തെ ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ജില്ലാ പൊലീസ് ആസ്ഥാനത്ത് സേവനമനുഷ്ഠിക്കുന്ന സിവിൽ പൊലീസ് ഓഫീസർമാരായ സൂരജും അലോഷ്യസും കഴിഞ്ഞ 18-നാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയിലെ പടന്നക്കാട് ഭാഗത്ത് വാഹനപരിശോധനയ്ക്കായി റോഡരികിൽ പൊലീസ് ജീപ്പ് നിർത്തിയ ശേഷം അതിന് പിന്നിൽ നിൽക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ടെത്തിയ കാർ ഇരുവരെയും ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ ഇരുവർക്കും ഗുരുതര പരിക്കേറ്റതിനെ തുടർന്ന് മംഗളൂരുവിലെ തേജസ്വിനി ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയായിരുന്നു.






