മനാമ: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷഭീതി ശക്തമാകുന്നതിനിടെ ബഹ്റൈനിൽ മിസൈൽ-ഡ്രോൺ ആക്രമണം. ഞായറാഴ്ച പുലർച്ചെ രണ്ടുതവണ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയതോടെ രാജ്യത്ത് ജാഗ്രത ശക്തമാക്കി.
ഇറാൻ തൊടുത്തുവിട്ടതായി പറയപ്പെടുന്ന നിരവധി മിസൈലുകളും ഡ്രോണുകളും ബഹ്റൈൻ പ്രതിരോധ സേന ആകാശത്തുവെച്ചുതന്നെ തകർത്തതായി അധികൃതർ അറിയിച്ചു. എന്നാൽ ആക്രമണത്തിൽ മുഹറഖ് ഗവർണറേറ്റിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കെട്ടിടത്തിന്റെ മുകൾഭാഗത്തിനും അപ്പാർട്ട്മെന്റുകളുടെ ഉൾവശത്തിനും കേടുപാടുകൾ സംഭവിച്ചതായി ഔദ്യോഗിക ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. സിവിൽ ഡിഫൻസ് ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികൾ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചതായും പ്രദേശത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം, കുവൈത്തിനുനേരെയും ഞായറാഴ്ച പുലർച്ചെ മിസൈൽ ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്. തങ്ങളുടെ രാജ്യത്തിനെതിരായ യുഎസ് ആക്രമണത്തിന് മറുപടിയായാണ് ഈ നടപടി നടത്തിയതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടു.
കുവൈത്തിന് നേരെ വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സായുധസേന വിജയകരമായി തകർത്തതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുവൈത്തിൽ നടന്ന ആക്രമണത്തിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.






