രണ്ട് പതിറ്റാണ്ടിലേറെ ഗ്രാമീണ മേഖലകൾക്ക് ആശ്വാസമായിരുന്ന മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അവസാനിച്ചു. ജൂലൈ ഒന്ന് മുതൽ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വിബിജി റാം ജി പദ്ധതി പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. തൊഴിലുറപ്പു പദ്ധതിയുടെ നിലവിലെ കാർഡിന്റെ പ്രാബല്യം തുടരും. പുതിയ പദ്ധതിയുടെ കാർഡ് ലഭിക്കുന്നതുവരെ, ഇകെവൈസി ചെയ്ത നിലവിലെ കാർഡുകൾ ഉപയോഗിക്കാമെന്നാണ് ഗ്രാമവികസന മന്ത്രാലയം അറിയിച്ചത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തി ദിനങ്ങള്‍ 100 ആയിരുന്നെങ്കിൽ പുതിയ പദ്ധതിയില്‍ അത് 125 ആകും എന്നതാണ് ഏറ്റവും വലിയ സവിശേഷത. അതിനൊപ്പം, കേരളത്തിൽ ദിവസവേതനം 401 രൂപയായി വർധിച്ചിട്ടുണ്ട്. സാമ്പത്തിക ബാധ്യത മൂലം പല സംസ്ഥാനങ്ങൾക്കും ഇതു കഴിയുമോ എന്ന ആശങ്കയുണ്ട്. സംസ്ഥാനങ്ങൾക്കു ബാധ്യത വരുത്തിവയ്ക്കുന്ന പുതിയ രീതിയോട് ബിജെപി ഭരിക്കുന്ന ബിഹാറും മധ്യപ്രദേശും ഉൾപ്പെടെ വിയോജിക്കുന്നു എന്നതും ശ്രദ്ധേയം.
ഒപ്പം ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യം, ജീവനോപാധി അടിസ്ഥാന സൗകര്യം, ദുരന്ത നിവാരണം എന്നീ നാല് വിഭാഗങ്ങളിലാണ് ഇനി മുതൽ പ്രവൃത്തികൾ വരിക. പേരിലെ മാറ്റത്തിനൊപ്പം പദ്ധതിയിലും മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. കേന്ദ്രീകൃത പോർട്ടൽ വഴി തൊഴിലാളികൾക്ക് രാജ്യത്ത് എവിടെയിരുന്നും ജോലി ആവശ്യപ്പെടാം. ജോലി ആവശ്യപ്പെട്ട് 15 ദിവസത്തിനകം തൊഴിൽ നൽകണമെന്നാണ് വ്യവസ്ഥ. അത് നടന്നില്ലെങ്കില്‍ സംസ്ഥാന സർക്കാർ തൊഴിലാളിക്ക് തൊഴിലില്ലായ്മ വേതനം നൽകേണ്ടിവരും. തൊഴിലാളികളുടെ ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിലേക്ക് കൂലി നേരിട്ട് ആഴ്ചാടിസ്ഥാനത്തിലോ പരമാവധി 15 ദിവസത്തിനകമോ കൈമാറണം. കാലതാമസം വരുത്തിയാൽ പ്രതിദിനം 0.05% നിരക്കിൽ നഷ്ടപരിഹാരം നൽകണമെന്നതും വലിയ പ്രത്യേകതയാണ്. പദ്ധതിയിൽ അംഗമാകുന്ന തൊഴിലാളികളുടെ കൂലി കേന്ദ്ര സർക്കാരാണ് തീരുമാനിക്കുന്നത്. ഈ നിരക്ക് തീരുമാനിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം ഇല്ല
മറ്റൊരു പ്രധാന മാറ്റം, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു കീഴിൽ, കേരളത്തിൽ സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമിയിൽ അവർ ഭൂനികുതി രസീത് സമർപ്പിച്ച് അപേക്ഷിച്ചാൽ നിലമൊരുക്കൽ, കാടുവെട്ടിത്തെളിക്കൽ തുടങ്ങിയ പ്രവൃത്തികൾ ചെയ്യാമായിരുന്നു. എന്നാൽ വിബിജി റാം ജി പദ്ധതിയിൽ സ്വകാര്യ വ്യക്തികളുടേത് അടക്കം കൃഷിഭൂമിയിലെ ഭൂവികസന ജോലികൾ അനുവദിക്കില്ല എന്നതാണ്. ജലസംരക്ഷണ പ്രവർത്തനങ്ങൾ മാത്രമേ ചെയ്യാനാകൂ. കൂടാതെ, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്കു കീഴിൽ സ്വകാര്യ വ്യക്തികൾക്ക് വീട് നിർമാണം പോലുള്ള പദ്ധതികൾക്ക് അനുമതിയുണ്ട്.
വിബിജി റാം ജി പദ്ധതിക്കു കീഴിൽ ചെയ്യാവുന്ന 318 പ്രവൃത്തികളുടെ കരടു പട്ടിക കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കു കൈമാറിയിട്ടുണ്ട്. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യം, ജീവനോപാധി അടിസ്ഥാനസൗകര്യം, ദുരന്തനിവാരണം എന്നീ നാലു വിഭാഗങ്ങളിലാണ് പ്രവൃത്തികൾ ചെയ്യേണ്ടത്. അങ്കണവാടി, ഗ്രാമീണ ആരോഗ്യകേന്ദ്രം, വിശ്രമത്തിനായുള്ള പന്തൽ, സർക്കാർ സ്കൂളുകൾക്കും മറ്റും ചുറ്റുമതിലോ ശുചിമുറികളോ നിർമിക്കൽ അല്ലെങ്കിൽ അറ്റകുറ്റപ്പണി തുടങ്ങിയവ കരടിലുണ്ട്. അതായത്, മുൻപത്തേത്തിനേക്കാൾ കായികാധ്വാനം കുറച്ചധികം ആവശ്യമുള്ളവയാണ് മിക്കതും. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത 22 ലക്ഷം തൊഴിലാളികളില്‍ 40 ശതമാനവും 60 വയസിന് മുകളിലുള്ളവരായതിനാല്‍ ഇതൊരു വെല്ലുവിളിയായേക്കാം.
കനാലുകളും ഓവുചാലുകളും വൃത്തിയാക്കൽ, മണ്ണിടിച്ചിൽ തടയാൻ ഭിത്തി, ചെറിയ തടയണ, നീർത്തടം, കനാൽ, മഴക്കുഴികൾ തുടങ്ങിയവയുടെ നിർമാണം, കുഴൽക്കിണർ പുനരുദ്ധാരണം, ജലസ്രോതസ്സുകളുടെ സംരക്ഷണം, വനവൽക്കരണം– കാട്ടുതീ തടയൽ, റോഡ് നിർമാണം തുടങ്ങിവയും പട്ടികയിലുണ്ട്. മാലിന്യസംസ്കരണത്തിലൂടെ വരുമാനം ഉണ്ടാക്കുന്ന പദ്ധതികളും കരടിലുണ്ട്. തൊഴിലുറപ്പ് പദ്ധതി പ്രകാരം കേന്ദ്രസർക്കാർ നൂറ് ശതമാനം കൂലി ചെലവ് വഹിച്ചിരുന്നിടത്ത് ഇനി മുതല്‍ 60 ശതമാനം മാത്രമേ വഹിക്കൂയെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ഇത് സംസ്ഥാനങ്ങൾക്ക് മേൽ വലിയ സാമ്പത്തിക ഞെരുക്കം ഉണ്ടാക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. വടക്കുകിഴക്കൻ-ഹിമാലയൻ സംസ്ഥാനങ്ങളിൽ ഇത് 90 ശതമാനം കേന്ദ്രവും 10 ശതമാനം സംസ്ഥാനങ്ങളും പങ്കിടേണ്ടി വരും.
പദ്ധതിയുടെ നടത്തിപ്പ് ചുമതല പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറിക്കാണ്. പണികളുടെ പരിശോധന പഞ്ചായത്ത് തലത്തിലാണ് നടക്കുക. പഞ്ചായത്ത് സെക്രട്ടറി നൽകുന്ന തൊഴില്‍ കാർഡിൻ്റെ കാലാവധി മൂന്നു വർഷമാണ്. കാലാവധി പൂർത്തിയായാൽ പുതുക്കാം. ഇനി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, പുതിയ പദ്ധതിയിൽ പണിയെടുത്തുവെന്ന വ്യാജ രേഖകള്‍ ഉണ്ടാക്കാനാവില്ല എന്നതാണ്. ക്രമക്കേടുകൾ തടയുന്നതിനായി ബയോമെട്രിക് പഞ്ചിംഗ്, ജിയോസ്പേഷ്യൽ ട്രാക്കിംഗ്, തത്സമയ ഡാഷ്‌ബോർഡുകൾ എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്.
പദ്ധതിയുടെ കാര്യത്തിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. സുപ്രീം കോടതിയെ സമീപിക്കാനുള്ള ആലോചനയിലാണ് തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ. കേരളത്തിന്റെയും കർണാടകയുടെയും പിന്തുണ കൂടി അവർ തേടുന്നുണ്ടെങ്കിലും പദ്ധതിയുമായി മുന്നോട്ടു പോകാനാണ് കേരള സർക്കാരിന്റെ ആഗ്രഹം. ബജറ്റിൽ, 1422.66 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. 3136.44 കോടി രൂപയാണ് കേന്ദ്രവിഹിതം. ഹിമാചലും ആംആദ്മി ഭരിക്കുന്ന പഞ്ചാബും കേരളത്തിനൊപ്പം വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. നിലവിൽ, ജമ്മു കശ്മീർ, ലഡാക്ക്, ബിഹാർ, മഹാരാഷ്ട്ര, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഒഡീഷ, ആന്ധ്രപ്രദേശ്, അരുണാചൽപ്രദേശ്, അസം, മണിപ്പുർ, മിസോറം, സിക്കിം, ത്രിപുര, നാഗാലാൻഡ്, പുതുച്ചേരി എന്നിവയുൾപ്പെടെ 19 സംസ്ഥാനങ്ങളാണ് ഇതുവരെ വിജ്ഞാപനമിറക്കിയത്.






