കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കടവന്ത്ര പോലീസ് ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തു. ലൈംഗിക ചുവയോടെയുള്ള പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അമ്മ സംഘടനയുടെ കുടുംബസംഗമത്തിന്റെ റിഹേഴ്സലിനിടെയാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. അശ്ലീലവും അധിക്ഷേപകരവും ലൈംഗിക ചുവയുള്ളതുമായ പരാമർശങ്ങൾ നടത്തിയെന്നും, തന്നെ “ജിഹാദി”, “മതതീവ്രവാദി” എന്നിങ്ങനെ വിശേഷിപ്പിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നും അൻസിബ ആരോപിക്കുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നേരത്തെ പോലീസിന് നിർദേശം നൽകിയിരുന്നു. തുടർന്ന് കടവന്ത്ര പോലീസാണ് ടിനി ടോമിനെതിരെ കേസ് എടുത്തത്.
ജൂൺ ഒന്നിനാണ് അൻസിബ ടിനി ടോമിനെതിരെ പരാതി നൽകിയത്. ടിനി ടോമിന്റെ ഡ്രൈവറെ മതംമാറ്റാൻ താൻ ശ്രമിച്ചുവെന്നത് ഉൾപ്പെടെ വ്യാജ ആരോപണങ്ങൾ പ്രചരിപ്പിച്ചെന്നും, തനിക്കും കുടുംബത്തിനുമെതിരെ തുടർച്ചയായി അപവാദ പ്രചാരണം നടത്തിയെന്നും പരാതിയിൽ പറയുന്നു. ഇതുമൂലം കടുത്ത മാനസിക പീഡനം നേരിടേണ്ടിവന്നതായും അൻസിബ ആരോപിച്ചിട്ടുണ്ട്.
ഇതിനിടെ, സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ് അൻസിബ. പരാതിയിൽ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.
നടി ലക്ഷ്മിപ്രിയ, സുകുമാരൻ, സുരേഷ്, പാലാരിവട്ടം എസ്.എച്ച്.ഒ എന്നിവർക്കെതിരെയാണ് ഹർജിയിലുള്ള പരാതി. വിഷയത്തിൽ നടി ശ്വേത മേനോന്റെ പങ്കും അന്വേഷിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പോലീസിനോട് റിപ്പോർട്ട് തേടിയിരിക്കുകയാണ്. ഹർജി ഈ മാസം 9-ന് വീണ്ടും പരിഗണിക്കും.
പരാതിയിൽ നടപടിയില്ലെന്നാരോപിച്ച് ജില്ലാ പോലീസ് മേധാവിക്കും അൻസിബ നേരത്തെ പരാതി നൽകിയിരുന്നു. യൂട്യൂബ് ചാനലുകളിലൂടെ തനിക്കെതിരെ വ്യാജപ്രചാരണം തുടരുന്ന സാഹചര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ മറ്റ് നിയമനടപടികൾ സ്വീകരിക്കാനോ പാലാരിവട്ടം എസ്.എച്ച്.ഒ തയ്യാറായില്ലെന്നും അൻസിബ ആരോപിച്ചു. ഇതുമൂലം കൂടുതൽ മാനസിക സമ്മർദം അനുഭവിക്കേണ്ടിവന്നതായും അവർ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.




