കൽപ്പറ്റ: അതിതീവ്ര മഴ മുന്നറിയിപ്പിന്റെയും ജില്ലയിൽ തുടരുന്ന കനത്ത മഴയുടെയും പശ്ചാത്തലത്തിൽ വയനാട്ടിലെ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. ദുരന്തനിവാരണ നിയമം 2005-ലെ സെക്ഷൻ 34 പ്രകാരമാണ് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്.
ദുരന്ത സാധ്യത നിലനിൽക്കുന്ന ദുർബല പ്രദേശങ്ങളിലെ ഹോംസ്റ്റേകൾ ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളുടെ പ്രവർത്തനവും ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ നിർത്തിവയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്. കൂടാതെ അഡ്വഞ്ചർ ടൂറിസം കേന്ദ്രങ്ങൾ, ട്രക്കിങ് പ്രവർത്തനങ്ങൾ, യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യൽ എന്നിവയ്ക്കും വിലക്ക് ഏർപ്പെടുത്തി.
കള്ളാടി–ആനക്കാംപൊയിൽ ടണൽ റോഡ് മേഖല, മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾ, ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മേഖലകൾ എന്നിവിടങ്ങളിൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വെള്ളരിമല വില്ലേജ് ഓഫീസർ എന്നിവർ സംയുക്തമായി നടപടി സ്വീകരിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. നടപടികളുടെ മേൽനോട്ടം തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ നിർവഹിക്കും.
വയനാട് ടൗൺഷിപ്പ് പ്രദേശത്ത് മണ്ണൊലിപ്പ് ഭീഷണിയുള്ള മേഖലകളിൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ കൽപ്പറ്റ മുനിസിപ്പൽ സെക്രട്ടറി, കൽപ്പറ്റ വില്ലേജ് ഓഫീസർ എന്നിവർ ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി ചേർന്ന് നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
ജില്ലയിലെ പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അധികൃതരും റവന്യൂ ഉദ്യോഗസ്ഥരും ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായി ഏകോപിച്ച് പ്രവർത്തിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ജില്ലയിലെ മഴക്കെടുതി സാഹചര്യം കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ ശക്തമാക്കിയിരിക്കുകയാണ്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം 2005-ലെ സെക്ഷൻ 51 (ബി) പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.




