കൊച്ചി: ജന്തർ മന്തറിലെ സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട തന്റെ പ്രതികരണം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി അവതാരക പേളി മാണി രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പേളി വിശദീകരണം നൽകിയത്. തന്റെ വാക്കുകൾ ചിലരെ വേദനിപ്പിച്ചെന്നും അതിനാലാണ് വിശദീകരണം നൽകുന്നതെന്നും പേളി പറഞ്ഞു. എല്ലാവരും വീട്ടിലേക്ക് പോകണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാൻ തനിക്ക് അവകാശമില്ലെന്നും അവർ വ്യക്തമാക്കി.
താൻ പങ്കുവെച്ച പോസ്റ്റിന് ആദ്യം നല്ല പ്രതികരണങ്ങളാണ് ലഭിച്ചതെന്നും പിന്നീട് താൻ ഉദ്ദേശിക്കാത്ത രീതിയിലുള്ള വ്യാഖ്യാനങ്ങൾ വന്നതായും പേളി പറഞ്ഞു. എല്ലാവരും സുരക്ഷിതരായിരിക്കണം എന്ന ആശയത്തിലാണ് താൻ ആ കുറിപ്പ് പങ്കുവെച്ചതെന്നും ഭയവും വേദനയും കൊണ്ടാണ് ആ വാക്കുകൾ എഴുതിയതെന്നും അവർ വ്യക്തമാക്കി.
തന്റെ പോസ്റ്റിനെ തെറ്റായി വ്യാഖ്യാനിച്ചതിൽ വിഷമമുണ്ടായെന്നും സോഷ്യൽ മീഡിയയിലെ ചില പ്രതികരണങ്ങൾ വേദനിപ്പിച്ചെന്നും പേളി പറഞ്ഞു. പിന്നീട് പങ്കുവെച്ച സ്റ്റോറിയിൽ ‘ഫെയിൽഡ് ഫിലിം മേക്കർ’ എന്ന പരാമർശം നടത്തിയത് തെറ്റായിപ്പോയെന്നും അതിന് ക്ഷമ ചോദിക്കുന്നതായും അവർ അറിയിച്ചു.
തന്നെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാക്കി കാണുന്ന രീതിയിലുള്ള വ്യാഖ്യാനങ്ങൾ ഉണ്ടായെന്നും അതിൽ വ്യക്തത വരുത്താനാണ് വിശദീകരണം നൽകുന്നതെന്നും പേളി പറഞ്ഞു. എല്ലാ പാർട്ടികളിലും തനിക്ക് സുഹൃത്തുക്കളുണ്ടെന്നും എല്ലാ കാര്യങ്ങളിലും ഉത്തരവാദിത്തത്തോടെ പെരുമാറാൻ ശ്രമിക്കുമെന്നും അവർ വ്യക്തമാക്കി.
നേരത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട പേളിയുടെ പ്രതികരണത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയർന്നിരുന്നു. നിരവധി പേർ അൺഫോളോ ചെയ്തതിന് പിന്നാലെയാണ് പേളി വിശദീകരണവുമായി എത്തിയത്.




