ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ സ്കൂളുകളിലെ സൗജന്യ ഉച്ചഭക്ഷണ പദ്ധതിയിൽ ചിക്കൻ ബിരിയാണി ഉൾപ്പെടുത്താൻ ആലോചന. ആഴ്ചയിൽ ഒരു ദിവസം ഉച്ചഭക്ഷണമായി ചിക്കൻ ബിരിയാണി നൽകുന്ന നിർദേശം സർക്കാരിന്റെ പരിഗണനയിലാണെന്ന് വിദ്യാഭ്യാസമന്ത്രി എ. രാജ്മോഹൻ അറിയിച്ചു. ഇതുസംബന്ധിച്ച അന്തിമ തീരുമാനത്തിനായി മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ അനുമതി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർഥികൾക്ക് കൂടുതൽ പോഷകസമൃദ്ധവും ആകർഷകവുമായ ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിർദേശം മുന്നോട്ടുവച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഉച്ചഭക്ഷണ പദ്ധതിയിൽ കാലാനുസൃതമായി നിരവധി മാറ്റങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാർ സ്കൂളുകളിലെ പ്രഭാതഭക്ഷണ മെനുവിലും മാറ്റം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നുണ്ട്. നിലവിൽ ഒരു വിദ്യാർഥിക്കായി ഏകദേശം 15 രൂപയാണ് ഭക്ഷണത്തിനായി ചെലവഴിക്കുന്നത്. ഗോതമ്പ്, റവ ഉപ്പുമാവ് തുടങ്ങിയ ആവർത്തിക്കുന്ന വിഭവങ്ങൾക്ക് പകരം കൂടുതൽ പോഷകഗുണമുള്ളതും കുട്ടികൾക്ക് ഇഷ്ടപ്പെടുന്നതുമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്താനാണ് നീക്കം.
അതേസമയം, വിദ്യാഭ്യാസ മേഖലയ്ക്കുള്ള ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ വിവേചനം കാണിക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി ആരോപിച്ചു. സർക്കാർ സ്കൂളുകൾക്കുള്ള ചെലവ് ഭാവിയിലേക്കുള്ള നിക്ഷേപമാണെന്നും വിദ്യാഭ്യാസത്തിനുള്ള ധനസഹായം തടഞ്ഞുവയ്ക്കുന്നത് തമിഴ്നാട്ടിന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.




